കാഞ്ഞാണി പെരുമ്പുഴ പുതിയ പാലങ്ങൾ യഥാർത്ഥ്യമാകും.

കാഞ്ഞാണി:

തൃശ്ശൂർ - വാടാനപ്പള്ളി സംസ്ഥാന പാത യിൽ കാഞ്ഞാണിപെരുമ്പുഴയിൽ രണ്ട് പാലങ്ങൾ പുതുക്കി പണിയുന്നതിനുള്ള പ്രാഥമീക ചർച്ചകൾ തുടങ്ങി. പെരുമ്പുഴ തോടിന് കുറുകെയും ഹൈ ലവൽ കനാലിന് കുറുകെയുമാണ് പാലങ്ങൾ നിർമ്മിക്കുന്നതെന്നും. ഇവയുടെ ഡിസൈൻ വർക്കുകൾ നടന്നുവരുന്നതായും മുരളി പെരുനെല്ലി എം എൽ എ വിളിച്ചു ചേർത്ത അവലോകന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പെരുമ്പുഴയിലെ ഈ പാലങ്ങൾ 71 വർഷത്തെ പഴക്കമുള്ളവയാണ്. പഴയ രീതിയിൽ ഇരുമ്പ് ഗർഡറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിട്ടുള്ളത്. ഗർഡറുകൾ തകർന്നതോടെ ഒന്നാം നമ്പർ പാലം അറ്റകുറ്റപണി നടത്തിയിരുന്നു.

പുതിയ പാലത്തിന് നിലവിലുള്ള പാലത്തേക്കാൾ ഒരു മീറ്റർ ഉയരം കൂട്ടും. പ്രളയജലം ഒഴുകിപ്പോയാലും കേട് വരാത്ത രീതിയിൽ നിർമ്മിയ്ക്കും. വീതി കൂടുന്നതോടെ അപ്രോച്ച് റോഡ് കടന്നു പോകുന്ന അരിമ്പൂർ പഞ്ചായത്ത് കുളത്തിൻ്റെ ഭാഗത്ത് തൂണ് വാർത്താണ് റോഡ് നിർമ്മിക്കുകയെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എ ഇ ഇ സന്തോഷ് കുമാർ പറഞ്ഞു.


മുരളി പെരുനെല്ലി എം എൽ എ യോഗത്തിൽ അധ്യക്ഷനായി. അരിമ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് സ്മിത അജയകുമാർ, മണലൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ടി ജോൺസൻ, ത്രിതലപഞ്ചായത്ത് അംഗങ്ങളായ കെ കെ ശശിധരൻ, സി ആർ രമേഷ്, സി ജി സജീഷ് ഇറിഗേഷൻ വിഭാഗം അസി. എൻജിനിയർ ഷിജു, റോഡ്സ് വിഭാഗം എ ഇ ഇ മാലിനി,
ആസൂത്രണ സമിതി അംഗം കെ ആർ ബാബുരാജ്‌, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

2018ലെ പ്രളയത്തിനെ മറികടക്കാനുതകുന്ന വിധത്തിൽ മൂന്ന് മീറ്റർ ഉയരത്തിലാണ് പാലങ്ങൾ ഡിസൈൻ ചെയ്യപ്പെട്ടിരുന്നത്. എന്നാൽ അന്തിക്കാട്, മണലൂർ, കോൾ പാടശേഖരങ്ങളുമായി ബന്ധപ്പെട്ടാണ് പാലങ്ങൾ കടന്ന് പോകുന്നതെന്നതിനാൽ മൂന്ന് മീറ്റർ ഉയരം പ്രായോഗികമല്ലെന്ന് ചർച്ചയിൽ വാദമുയർന്നതോടെയാണ് ഒരു മീറ്റർ ഉയരമെന്ന ധാരണയിലേക്ക് യോഗമെത്തിയത്. ഈ തീരുമാനം തിരുവനന്തപുരത്തെ പൊതുമരാമത്ത് വകുപ്പിൻ്റെ ഡിസൈൻ വിഭാഗത്തിന് നൽകി അവരുടെ പുതിയ ഡിസൈൻ വന്നതിന് ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുക.

അവലംബം : അബ്ബാസ് വീരാവുണ്ണി.

Related Posts