കോവിഷീൽഡ് ബ്രിട്ടൻ അംഗീകരിച്ചു; അംഗീകൃത വാക്സിനുകൾ നൽകുന്ന രാജ്യങ്ങളിൽ ഇന്ത്യയില്ല

ന്യൂഡൽഹി: ബ്രിട്ടനിൽ അംഗീകാരമുള്ള കൊവിഡ് വാക്സിനുകളുടെ കൂട്ടത്തിൽ കോവിഷീൽഡിനെയും ഉൾപ്പെടുത്തി. എന്നാൽ പ്രവേശനാനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല. കോവിൻ പോർട്ടൽവഴി ഇന്ത്യ നൽകുന്ന കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ബ്രിട്ടൻ അംഗീകരിക്കാത്തതാണ് പ്രശ്നം.

കോവിഷീൽഡിന് അംഗീകാരം നൽകിയില്ലെങ്കിൽ സമാന നടപടി തിരിച്ചങ്ങോട്ടും സ്വീകരിക്കുമെന്ന് ഇന്ത്യ കഴിഞ്ഞദിവസം മുന്നറിയിപ്പു നൽകിയിരുന്നു. അതിന് പിന്നാലെ ബുധനാഴ്ച കോവിഷീൽഡിനെക്കൂടി അംഗീകൃത വാക്സിനുകളുടെ പട്ടികയിൽ ബ്രിട്ടൻ ഉൾപ്പെടുത്തിയെങ്കിലും അംഗീകൃത വാക്സിനുകൾ നൽകുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. അതായത് ഇന്ത്യ ഇതിൽ ഉൾപ്പെടുന്നതുവരെ, കോവിഷീൽഡ് വാക്സിൻ രണ്ടു ഡോസെടുത്ത ഇന്ത്യക്കാർ ബ്രിട്ടനിലെത്തിയാൽ ക്വാറന്റീനിൽ കഴിയുകയും പരിശോധന നടത്തുകയും വേണം. ഒക്ടോബർ നാലിനാണ് പുതിയ നിബന്ധന പ്രാബല്യത്തിൽ വരിക.

17 രാജ്യങ്ങളാണ് ഈ പട്ടികയിൽ നിലവിലുള്ളത്. യു കെ, യൂറോപ്പ്, യു എസ് എ, എന്നിവിടങ്ങളിലെ വാക്സിൻ പരിപാടിയോടൊപ്പം ഓസ്‌ട്രേലിയ, ബാർബുഡ, ബാർബെഡോസ്, ബ്രൂണൈ, കാനഡ, ഡൊമിനിക്ക, ഇസ്രയേൽ, കുവൈത്ത്, മലേഷ്യ, ന്യൂസീലൻഡ്, ഖത്തർ,സൗദി അറേബ്യ, സിങ്കപ്പുർ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങൾ ആണ് പട്ടികയിലുള്ളത്.

Related Posts