പ്ലാൻ ബി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ഒരുങ്ങി ബ്രിട്ടൺ
ഒമിക്രോൺ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൊണ്ടുവന്ന പ്ലാൻ ബി നിയന്ത്രണങ്ങൾ ഒഴിവാക്കാൻ ബ്രിട്ടൺ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. വ്യാപനത്തിൻ്റെ വേഗത പരമാവധി കുറയ്ക്കാനായി കഴിഞ്ഞ മാസം മുതൽ നടപ്പിലാക്കി വരുന്ന നിയന്ത്രണങ്ങൾ തുടരണമെന്ന വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുക്കാതെ സർക്കാർ മുന്നോട്ടു പോകുകയാണെന്ന് ടെലിഗ്രാഫ് ഉൾപ്പെടെയുള്ള ബ്രിട്ടീഷ് പത്രങ്ങൾ റിപ്പോർട്ടു ചെയ്തു.
വർക്ക് ഫ്രം ഹോം, കൊവിഡ് പാസ്പോർട്ട്, പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ, പൊതു പരിപാടികളിൽ പങ്കെടുക്കാനുള്ള കൊവിഡ് പാസ് തുടങ്ങി പ്ലാൻ ബി യുടെ ഭാഗമായി നിരവധി നിയന്ത്രണങ്ങളാണ് നിലവിലുള്ളത്.
സയൻ്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് സർക്കാർ നീക്കത്തെ എതിർത്ത് മുന്നോട്ട് വന്നിട്ടുണ്ട്. നിയന്ത്രണങ്ങൾ റദ്ദാക്കാനുള്ള സമയം എത്തിയിട്ടില്ല എന്നാണ് അവരുടെ നിലപാട്. വ്യാപനം അതിൻ്റെ പീക്കിൽ എത്തിയിട്ടില്ല. അത്തരം ഒരു സാഹചര്യത്തിൽ പ്ലാൻ ബി പ്രോട്ടോക്കോളിൽ അയവ് വരുത്തിയാൽ അനിതര സാധാരണമായ സാഹചര്യം ഉടലെടുക്കുമെന്ന ആശങ്കയുണ്ട്. ആശുപത്രി പ്രവേശനത്തിൽ വൻ കുതിപ്പിന് തന്നെ കാരണമായേക്കാം.