ബ്രിട്ടൻ ട്രേഡ് യൂണിയൻ പണിമുടക്ക്; സൈന്യത്തെ വിന്യസിക്കാൻ സുനക് സർക്കാർ
ലണ്ടന്‍: ക്രിസ്മസ് അടുത്തിരിക്കെ, മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ബ്രിട്ടനിലെ ട്രേഡ് യൂണിയനുകൾ നടത്തുന്ന പണിമുടക്കിനെ പ്രതിരോധിക്കാന്‍ സുനക് ഗവണ്മെന്റ്. അവശ്യ സേവനങ്ങൾ ഉൾപ്പെടെ മിക്ക മേഖലകളിലും പ്രതിഷേധം വ്യാപിച്ചതോടെ ബ്രിട്ടനിൽ ലക്ഷക്കണക്കിന് ആളുകൾ ദുരിതത്തിലാണ്. പണിമുടക്കുന്ന തൊഴിലാളികൾക്ക് പകരം 1,200 സൈനികരെ അവശ്യ സർവീസുകളിൽ വിന്യസിക്കാനാണ് തീരുമാനം. ആംബുലൻസ് ഡ്രൈവർമാരുടെ പണിമുടക്കിന്‍റെ പശ്ചാത്തലത്തിലും പകരമായി സൈന്യത്തെ നിയമിക്കും. മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ കഠിനമായ ശൈത്യകാലത്തും സമരമുഖത്തെത്തുന്നത്. റെയിൽവേ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, അതിര്‍ത്തിരക്ഷാജീവനക്കാര്‍ എന്നിവരടക്കം വരും ആഴ്ചകളിൽ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നിലവിലെ സാമ്പത്തികമാന്ദ്യത്തിൻ്റെ പശ്ചാത്തലത്തില്‍ എല്ലാ മേഖലയിലും സമഗ്ര വേതന വര്‍ധന നടപ്പാക്കുന്നത് പണപ്പെരുപ്പത്തിന് ആക്കം കൂട്ടുമെന്നാണ് സര്‍ക്കാര്‍ നിലപാട്.