ഔദ്യോഗിക രേഖ സ്വന്തം ഇമെയിലിൽനിന്ന് അയച്ചതിനെ തുടർന്ന് ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി രാജിവച്ചു
ലണ്ടൻ: ബ്രിട്ടീഷ് ആഭ്യന്തര മന്ത്രിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാൻ രാജിവെച്ചു. സ്വന്തം ഇമെയിലിൽ നിന്ന് ഔദ്യോഗിക രേഖ അയച്ചതിനെ തുടർന്നാണ് രാജി. ബിബിസി റിപ്പോർട്ട് അനുസരിച്ച്, സർക്കാർ രേഖ സ്വീകരിക്കാൻ അർഹതയുള്ള ഒരാൾക്കല്ല അയച്ചത്. അതേസമയം, രേഖ രാജ്യസുരക്ഷയെ ബാധിക്കുന്നതായിരുന്നില്ല. തെറ്റിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് ബ്രേവർമാൻ പ്രധാനമന്ത്രി ലിസ് ട്രസിന് അയച്ച കത്തിൽ പറഞ്ഞു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ഗുരുതരമായ ആശങ്കയുണ്ടെന്ന് ബ്രേവർമാൻ പറഞ്ഞു. ബ്രേവർമാന്‍റെ അച്ഛൻ ഗോവ സ്വദേശിയാണ്. അമ്മ തമിഴ് വംശജയും. 43 ദിവസങ്ങൾക്കു മുൻപാണ് സുവെല്ല ബ്രേവർമാനെ ആഭ്യന്തരമന്ത്രിയായി നിയമിച്ചത്. നേരത്തെ, ഋഷി സുനക്കിനൊപ്പം പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചവരിൽ ബ്രേവർമാനും ഉണ്ടായിരുന്നു.