ഷെഫിൻ്റെ വേഷത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഹോം സെക്രട്ടറിയും; ബെയ്ക് ചെയ്തത് രുചികരമായ സ്പോഞ്ച് കേക്ക്
ഏപ്രൺ അണിഞ്ഞ്, അടുക്കളയിൽ പാചകം ചെയ്യുന്ന വേഷത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഹോം സെക്രട്ടറി പ്രീതി പട്ടേലിനൊപ്പം നിന്ന് കേക്ക് ബെയ്ക് ചെയ്യുന്ന പ്രധാനമന്ത്രിയുടെ കൗതുകകരമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
മാഞ്ചസ്റ്റർ യൂത്ത് ക്ലബ്ബിലെ സന്ദർശനത്തിനിടെയാണ് പ്രധാനമന്ത്രിയും ഹോം സെക്രട്ടറിയും തങ്ങളുടെ പാചക പരീക്ഷണങ്ങളിൽ മുഴുകിയത്. കിഴക്കൻ മാഞ്ചസ്റ്ററിലെ ഗോർട്ടണിലുള്ള ഹൈഡ് ഔട്ട് യൂത്ത് സോണിൽ വെച്ചായിരുന്നു ബോറിസ് ജോൺസൻ്റെയും ഹോം സെക്രട്ടറി പ്രീതി പട്ടേലിൻ്റെയും കേക്ക് നിർമാണം. ചിത്രരചന ഉൾപ്പെടെയുള്ള രസകരമായ വിനോദങ്ങൾക്കും ഇരുവരും സമയം കണ്ടെത്തി.
"ബെയ്ക് ബാക്ക് ബെറ്റർ" എന്ന് പ്രിന്റ് ചെയ്ത ഏപ്രൺ അണിഞ്ഞാണ് പ്രധാനമന്ത്രി അടുക്കളയിൽ കയറിയത്. സ്പോഞ്ച് കേക്കിനുളള ചേരുവകൾ വിസ്ക് ഉപയോഗിച്ച് അടിച്ചെടുക്കുന്ന ജോൺസനെ ചിത്രങ്ങളിൽ കാണാം. തന്റെ ഇഷ്ടവിഭവം ബെയ്ക്ക് വെൽ ടാർട്ടാണെന്നും കൺസർവേറ്റീവ് പാർട്ടി നേതാവ് വെളിപ്പെടുത്തി. തന്റെ മുത്തശ്ശി തനിക്കായി പ്രത്യേകം തയ്യാറാക്കിയിരുന്ന ബെയ്ക് വെൽ ടാർട്ടിന്റെ രുചിയെപ്പറ്റി ജോൺസൺ കൊതിയോടെ ഓർമിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കിടക്കുന്ന വേളയിലും സ്റ്റീക്കും ചിപ്സും അതിനുശേഷം ഒരു ബെയ്ക് വെൽ ടാർട്ടും കിട്ടിയാൽ കൊള്ളാം എന്ന പ്രധാനമന്ത്രിയുടെ ബെയ്ക് വെൽ ടാർട്ടിനോടുള്ള കമ്പത്തെപ്പറ്റി ഈവനിങ്ങ് സ്റ്റാൻഡേർഡ് ആണ് റിപ്പോർട്ട് ചെയ്തത്.
കുട്ടികൾക്കും ജീവനക്കാർക്കുമൊപ്പം ടേബിൾ ടെന്നിസ് കളിച്ച ജോൺസൺ അൽപ്പനേരം പ്രീതി പട്ടേലിനൊപ്പം ഡബിൾസിലും ഒരുകൈ നോക്കി. തന്നെ തറപറ്റിക്കാൻ നോക്കുന്ന യുവാക്കളെ "കരുണയില്ലാത്തവർ" എന്ന് തമാശ രൂപത്തിൽ കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രിയുടെ രസകരമായ വാക്കുകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.