ബ്രോ ഡാഡിയുടെ ആദ്യ പ്രദർശനം ഇന്ന് രാത്രി 12 മണിക്ക്
ബ്രോ ഡാഡിയുടെ ആദ്യ പ്രദർശനം ഇന്ന് അർധരാത്രിയിൽ. രാത്രി 12 മണിക്കാണ് ചിത്രത്തിൻ്റെ ആദ്യ സ്ക്രീനിങ്ങ് നടക്കുന്നതെന്ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ അറിയിച്ചു.
നിരവധി ചിത്രങ്ങളിൽ താരജോഡികൾ ആയവരാണ് മോഹൻലാലും മീനയും. താരങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമാണ്. ചന്ദ്രോത്സവം, ഉദയനാണ് താരം, ദൃശ്യം, വർണപ്പകിട്ട്, ഒളിമ്പ്യൻ അന്തോണി ആദം, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായത് ജീത്തു ജോസഫിൻ്റെ ഫാമിലി ത്രില്ലർ ദൃശ്യത്തിലെ കഥാപാത്രങ്ങൾ തന്നെ. ജോർജ് കുട്ടിയും റാണിയുമായി പ്രേക്ഷക മനസ്സിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന അവിസ്മരണീയമായ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്.
ഇന്ന് അർധരാത്രി മുതൽ ജോർജ് കുട്ടിയും റാണിയും എന്നതുവിട്ട് ജോൺ കാറ്റാടിയും അന്നമ്മയുമായി മലയാളത്തിൻ്റെ ഭാഗ്യ താരജോഡികൾ പുനർജനിക്കും എന്ന കണക്കുകൂട്ടലിലാണ് ആരാധകർ. ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ സംവിധായകൻ എന്ന നിലയിൽ മികവ് തെളിയിച്ച പൃഥ്വിരാജ് വേഷപ്പകർച്ചയിലൂടെ ലാലിനും മീനയ്ക്കും പുതിയ വ്യക്തിത്വങ്ങൾ സൃഷ്ടിക്കും എന്ന് ആരാധകർ കരുതുന്നു. ഈശോ ജോൺ കാറ്റാടി എന്ന പൃഥ്വിരാജിൻ്റെ മകൻ വേഷവും താരത്തിൻ്റെ നായികയായി എത്തുന്ന കല്യാണി പ്രിയദർശൻ്റെ അന്ന എന്ന കഥാപാത്രവും രസകരങ്ങളായ ഒട്ടേറെ മുഹൂർത്തങ്ങൾ വെള്ളിത്തിരയിൽ തീർക്കുമെന്ന പ്രതീക്ഷയും ആരാധകർ പങ്കുവെയ്ക്കുന്നു.