വീട്ടില്‍ അതിക്രമിച്ച് കയറി; പൊലീസിനെതിരെ പരാതിയുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ
കൊച്ചി: പൊലീസ് വീട്ടിൽ അതിക്രമിച്ച് കയറിയെന്ന പരാതിയുമായി അന്തരിച്ച സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ. താൻ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി ഞാറയ്ക്കൽ പൊലീസ് തിരച്ചിൽ നടത്തിയെന്നാണ് പരാതി. വീട്ടിൽ നിന്ന് 10 പവനോളം സ്വർണം നഷ്ടപ്പെട്ടതായും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു. കൊലക്കേസ് പ്രതിയെ തേടിയാണ് വീട്ടിൽ കയറിയതെന്നാണ് പൊലീസ് പറയുന്നത്. ഫാൻ കറങ്ങുന്നതും വീടിനുള്ളിൽ ലൈറ്റ് കത്തുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രതിയെ കീഴ്‌പ്പെടുത്താനാണ് വീട്ടിൽ കയറിയതെന്ന് പൊലീസിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. അതേസമയം, വീട് കുത്തിതുറക്കുമ്പോൾ സ്വാഭാവികമായി പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും പൊലീസ് പാലിച്ചില്ലെന്ന് സീന അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് പൊലീസ് സംഘം സീനയുടെ വീട്ടിലെത്തിയത്. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സീനയും മകളും ജോലി ആവശ്യങ്ങൾക്കായി ഡൽഹിയിലാണ്. വീടിന്‍റെ മേൽനോട്ടത്തിനായി സമീപത്തുള്ള ഒരു സ്ത്രീയെ നിയോഗിച്ചിരുന്നു. ജിഷ്ണു എന്നയാൾക്ക് കുറച്ചുകാലമായി വീട് വാടകയ്ക്ക് നൽകിയിരുന്നു. ജിഷ്ണുവിനൊപ്പം മൂന്നുപേരും താമസിച്ചിരുന്നു. ഇവരിൽ ഒരാളെ തേടിയാണ് പൊലീസ് എത്തിയതെന്നാണ് വിവരം. കഴിഞ്ഞ മാസം അവസാനത്തോടെ വീട് ഒഴിയുമെന്ന് ഇവര്‍ അറിയിച്ചതായും സൂചനയുണ്ട്.