വിദേശനിക്ഷേപം നൂറിലേക്കുയർന്നു; ബി എസ് എൻ എൽ പടിയ്ക്ക് പുറത്ത്
തൃശ്ശൂർ: ടെലികോം രംഗത്ത് നിലവിൽ 49 ശതമാനമായിരുന്ന വിദേശനിക്ഷേപം നൂറിലേക്കുയർത്തുമ്പോഴും പൊതുമേഖലാസ്ഥാപനമായ ബി എസ് എൻ എൽ പുറത്ത്. വിദേശ ഉപകരണങ്ങൾ വാങ്ങാൻ ബി എസ് എൻ എലിനുള്ള വിലക്കിൽ മാറ്റമില്ല. ഇക്കാരണത്താൽ 4 ജി സേവനം നൽകാനുള്ള വഴിയാണ് നീളുന്നത്. ദേശസുരക്ഷയെന്ന പേരിലാണ് വിദേശകമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
തദ്ദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ച് 4ജി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും അക്കാര്യത്തിലും നടപടിയായില്ല. ബി എസ് എൻ എലിന്റെ പുനരുദ്ധാരണപാക്കേജിൽ 4ജി സ്പെക്ട്രം അനുവദിച്ചെങ്കിലും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. രാജ്യത്തെ അരലക്ഷം ടവറുകളിൽ 4ജി സേവനം എത്തിക്കാനുള്ള ടെൻഡർ റദ്ദായതോടെയാണ് അനിശ്ചിതത്വമുണ്ടായത്.
ടെൻഡറിൽ ചൈന കമ്പനികൾ കൂടിയുള്ളതാണ് റദ്ദാക്കാൻ കാരണം. ടവറുകളിൽ കൂടുതലും ചൈന കമ്പനികൾ ആയതിനാൽ നിലവിലെ 3ജി ടവറുകളിൽ ഒരു ചിപ് കാർഡ് അധികമായി ഘടിപ്പിച്ച് 4ജി ആക്കാനുള്ള സംവിധാനത്തിനും വിലക്ക് വന്നു.