ഒരു മാസത്തിനകം രാജ്യത്തൊട്ടാകെ 4 ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍
ന്യൂഡല്‍ഹി: ബിഎസ്എൻഎൽ ഒരു മാസത്തിനുള്ളിൽ രാജ്യത്തുടനീളം 4 ജി സേവനങ്ങൾ നൽകും. ഡിസംബറിലോ ജനുവരിയിലോ 4 ജി സേവനം ആരംഭിച്ച് ഘട്ടം ഘട്ടമായി രാജ്യത്തുടനീളം നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതിനായി ടിസിഎസുമായി 26,821 കോടി രൂപയുടെ കരാറിന് സർക്കാർ അനുമതി നൽകി. ഒരു ലക്ഷം കേന്ദ്രങ്ങളിൽ സേവനം ലഭ്യമാക്കുന്നതിന് ടിസിഎസിന് ഉടൻ തന്നെ പർച്ചേസ് ഓർഡർ നൽകുമെന്ന് ബിഎസ്എൻഎൽ വൃത്തങ്ങൾ സൂചിപ്പിച്ചു. 4 ജി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനൊപ്പം ടിസിഎസ് ഒമ്പത് വർഷത്തെ പരിപാലനവും നടത്തും. ഓർഡർ ലഭിച്ച് കഴിഞ്ഞാൽ, പ്രധാന ഉപകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ലഭ്യമാക്കണം. അര്‍ധചാലകങ്ങളുടെ ലഭ്യതക്കുറവ് മൂലം പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും ഉപകരണങ്ങളുടെ നിര്‍മാണം എത്രയും വേഗം പൂർത്തിയാക്കാൻ നിർദേശം നൽകിയതായാണ് വിവരം.