ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസം കൂടി നീട്ടി ഉത്തരവിറക്കും
തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അധ്യക്ഷനായ വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് കൂടി നീട്ടും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. സെപ്റ്റംബർ 30നാണ് അഞ്ചംഗ സമിതി രൂപീകരിച്ചത്. അന്തിമ റിപ്പോർട്ട് ഡിസംബർ 30നകം സമർപ്പിക്കണമെന്നായിരുന്നു നിർദ്ദേശം. സാറ്റലൈറ്റ് സർവേയ്ക്കെതിരെ വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം നൽകുന്നത്. ജനങ്ങളുടെ സംശയ നിവാരണത്തിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സ്ഥാപിക്കുന്ന ഹെൽപ്പ് ഡെസ്കുകൾ അടുത്തയാഴ്ച പ്രവർത്തനം ആരംഭിക്കും. ബഫർ സോൺ മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമ്മാണങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടും അതുമായി ബന്ധപ്പെട്ട വിവരങ്ങളും ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകി. ഈ നടപടികളെക്കുറിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പരിസ്ഥിതി ലോല മേഖല ബഫർ സോൺ ഉൾപ്പെടുന്ന വാർഡ് അടിസ്ഥാനത്തിൽ പ്രചാരണങ്ങൾ നടത്തണമെന്നും സർക്കുലറിൽ പറയുന്നു.