ഡൽഹിയിൽ തീപിടിച്ച കെട്ടിടത്തിന് എൻഒസി ഇല്ല; ഉടമ ഒളിവിൽ
ഡൽഹി മുണ്ട്കയിൽ നാല് നില കെട്ടിടം തീപിടിച്ച് 27 പേർ മരിച്ച സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമ ഒളിവിലെന്ന് പൊലീസ്. കെട്ടിടത്തിന് എൻഒസി ഇല്ലെന്നും കെട്ടിട ഉടമ മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞതായ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടത്തിന് തീപിടിത്ത എൻഒസി ഇല്ലായിരുന്നു. കെട്ടിടത്തിന്റെ ഉടമസ്ഥൻ മുകളിലത്തെ നിലയിൽ താമസിച്ചിരുന്ന മനീഷ് ലക്രയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീപിടിത്തത്തിൽ ഇതുവരെ 27 പേർ മരിക്കുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
മൃതദേഹങ്ങൾ തിരിച്ചറിയാൻ ഞങ്ങൾ ഫോറൻസിക് സംഘത്തിന്റെ സഹായം തേടും. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം ഇനിയും പൂർത്തിയായിട്ടില്ലെന്നും ഡിസിപി കൂട്ടിച്ചേർത്തു. സിസിടിവി ക്യാമറകളുടെയും റൂട്ടർ നിർമാണ കമ്പനിയുടേയും ഓഫീസായ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. കമ്പനി ഉടമകൾ പൊലീസ് കസ്റ്റഡിയിലാണെന്നും പൊലീസ് വ്യക്തമാക്കി.
പരുക്കേറ്റവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടർന്നത്. തീ അണയ്ക്കാൻ 24 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായത്.