'ബുള്ളി ഭായ് '' ആപ്പിനു പിന്നിലെ മാസ്റ്റർ മൈൻ്റ് 18 വയസ്സുള്ള പെൺകുട്ടി ?!! വിവാദങ്ങൾ ഒഴിയാതെ സോഷ്യൽ മീഡിയ
വിവാദമായ ബുളളി ഭായ് ആപ്പിനു പിന്നിൽ 18 വയസ്സുള്ള ഒരു പെൺകുട്ടിയാണ് എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തു വന്നതോടെ അതേപ്പറ്റിയുള്ള അന്തം വിട്ട ചർച്ചകളിലാണ് സോഷ്യൽ മീഡിയ. കഴിഞ്ഞ വർഷം ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസ് ' എന്ന ആപ്പിൻ്റെ ചുവടു പിടിച്ച് നിർമിച്ചതാണ് ബുളളി ഭായ്. അതിൻ്റെ മാസ്റ്റർ മൈൻ്റായി പ്രവർത്തിച്ചത് കേവലം 18 വയസ്സുള്ള ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് എന്ന വാർത്തയാണ് പുറത്തുവന്നത്. ബെംഗളൂരുവിൽ നിന്നുള്ള 21 കാരനായ ഒരു സിവിൽ എഞ്ചിനീയറിങ്ങ് വിദ്യാർഥിയും അറസ്റ്റിലായിട്ടുണ്ട്. ഈ വിഷയത്തിൽ ചൂടുപിടിച്ച ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.
പെൺകുട്ടിയെ വേട്ടയാടരുതെന്നും അവളോട് കരുണ കാണിക്കണമെന്നും തെറ്റുകൾ ബോധ്യപ്പെടുത്തുകയാണ് വേണ്ടതെന്നും ട്വീറ്റ് ചെയ്ത് പ്രമുഖ അഭിനേത്രി ശബാന ആസ്മിയുടെ ഭർത്താവും ബോളിവുഡിലെ പ്രശസ്ത ഗാന രചയിതാവുമായ ജാവേദ് അക്തർ തന്നെ രംഗത്തെത്തിയത് വിവാദങ്ങൾ കൊഴുപ്പിച്ചു. കാൻസറും കൊറോണയും വന്ന് മാതാപിതാക്കൾ നഷ്ടമായ പെൺകുട്ടിയാണ്, സ്വന്തം തെറ്റ് ബോധ്യപ്പെട്ടാൽ അവൾക്ക് മാനസാന്തരം സംഭവിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഒരു ജനസമൂഹത്തെ ഒന്നടങ്കം അപകടത്തിലാക്കിയ സാമൂഹ്യ ദ്രോഹിക്കുവേണ്ടി വാദിക്കരുതെന്ന് കവിക്ക് മുന്നറിയിപ്പ് നൽകുന്നവരുണ്ട്. പെൺകുട്ടി എന്ന പരിഗണന പോലും ഈ വിഷയത്തിൽ ആവശ്യമില്ലെന്നാണ് അവരുടെ നിലപാട്.
പ്രധാനമായും മുസ്ലിം പെൺകുട്ടികളുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് ചിത്രങ്ങൾ കവർന്ന്, ആപ്പിൽ അവ പ്രസിദ്ധീകരിച്ച്, അവരെ ദുർനടപ്പുകാരായി ചിത്രീകരിക്കുന്നതാണ് ബുള്ളി ഭായ് ആപ്പ്. വില പേശി ലേലം ചെയ്യുന്ന വിധത്തിൽ അത്യന്തം ഹീനമായ രീതിയിലാണ് അവഹേളനം. പെൺകുട്ടികൾക്ക് നേരെയുള്ള ഭീകരമായ ഈ സൈബർ ആക്രമണം അങ്ങേയറ്റം അരക്ഷിതമായ സാഹചര്യമാണ് അവർക്ക് സൃഷ്ടിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര രംഗത്തുണ്ടായിരുന്ന മലയാളി പെൺകുട്ടികൾ അടക്കമുളളവരാണ് അതിഭീകരമായ ഈ സൈബർ വേട്ടയ്ക്ക് ഇരകൾ ആയിരിക്കുന്നത്.