മുങ്ങിയ ബാർജ് കടലിനടിയിൽ കണ്ടെത്തി; 70 മൃതദേഹം കിട്ടി, ടഗ് ബോട്ടിനായി തിരച്ചിൽ തുടരുന്നു.

ടൗട്ടേ ചുഴലിക്കാറ്റിൽപ്പെട്ട് മുങ്ങിപ്പോയ പി-305 ബാർജ് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ അറബിക്കടലിന്റെ അടിത്തട്ടിൽ കണ്ടെത്തി.

മുംബൈ:

അപകടത്തിൽപ്പെട്ട വരപ്രദ എന്ന ടഗ് ബോട്ടിനായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ 70 മൃതദേഹങ്ങൾ വീണ്ടെടുത്തു. 17 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാവികസേനയുടെ ഐ എൻ എസ് മകർ എന്ന കപ്പലിലെ മുങ്ങൽ വിദഗ്ധർ സൈഡ് സ്കാൻ സോണാർ ഉൾപ്പെടെയുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് -പി-305 ബാർജ് കടലിനടിയിൽ കണ്ടെത്തിയത്.

ബാർജിന്റെ സമീപത്ത് വിശദമായി പരിശോധന നടത്തിയെങ്കിലും കൂടുതൽ മൃതദേഹങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. മണ്ണിലുറച്ചുപോയ ഗാൽ കണ്ടസ്ട്രക്ടർ എന്ന ബാർജിനെ കെട്ടിവലിക്കാൻ പോയ വരപ്രദ എന്ന ടഗ് ബോട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച രാവിലെ ഗുജറാത്തിലെ വൽസാഡ് ജില്ലയിൽ തിഠാൽ തീരത്ത് അടിഞ്ഞ രണ്ട് മൃതദേഹങ്ങൾ ബാർജ് അപകടത്തിൽപ്പെട്ടവരുടേതാണെന്ന് സ്ഥിരീകരിച്ചു.

തിഠാൽ, ഡുംഗ്രി ഗ്രാമങ്ങളിൽ ശനിയാഴ്ച നാല് മൃതദേഹങ്ങൾ അടിഞ്ഞിരുന്നു. അഴുകിയ മൃതദേഹങ്ങളിലെ യൂണിഫോമിൽനിന്നാണ് അവ ബാർജിലെ തൊഴിലാളികളുടേതാണെന്ന് തിരിച്ചറിഞ്ഞത്. ഇവയടക്കം 70 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയതെന്ന് നാവികസേന അറിയിച്ചു. അഴുകിയ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഡി എൻ എ പരിശോധന നടത്താനുള്ള നടപടികൾ മുംബൈ പോലീസ് തുടങ്ങിയിട്ടുണ്ട്. ടഗ് ബോട്ടിലുണ്ടായിരുന്ന 11 പേരുൾപ്പെടെ 17 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

എണ്ണ പര്യവേക്ഷണവും ഖനനവും നടത്തുന്നതിനുവേണ്ടി ഒ എൻ ജി സിക്കുവേണ്ടി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആഫ്കോൺസ് എന്ന കമ്പനിയുടേതാണ് അപകടത്തിൽപ്പെട്ട ബാർജ്. ഇതിലുണ്ടായിരുന്ന 262 പേരും ടഗ് ബോട്ടിലുണ്ടായിരുന്ന 13 പേരുമാണ് അപകടത്തിൽപ്പെട്ടത്. ടഗിലെ രണ്ടുപേർ ഉൾപ്പെടെ 188 പേരെ രക്ഷപ്പെടുത്തി. അടിയന്തരസഹായം നൽകുന്നതിന് അപകടത്തിൽപ്പെട്ടവരുടെ കുടുംബവുമായി ബന്ധപ്പെട്ടു വരുകയാണെന്ന് ഒ എൻ ജി സി അറിയിച്ചു. മരിക്കുകയോ കാണാതാവുകയോ ചെയ്തവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും രക്ഷപ്പെട്ടവർക്ക് ഒരുലക്ഷം രൂപയും അടിയന്തര സഹായമായി നൽകുന്നുണ്ടെന്ന് ഒ എൻ ജി സി അറിയിച്ചു.

Related Posts