ബസ് ചാർജ്ജ് വർധന; ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും
തിരുവനന്തപുരം: ബസ് ചാർജ്ജ് വർധന, പുതിയ മദ്യനയം, ലോകായുക്താ ഓർഡിനൻസ് പുതുക്കൽ തുടങ്ങിയ നിർണായക വിഷയങ്ങൾ പരിഗണിച്ച് ഇന്ന് മന്ത്രിസഭാ യോഗം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം ചേരുന്നത്. ബസ് മിനിമം ചാർജ്ജ് പന്ത്രണ്ട് രൂപയിലേക്ക് ഉയർത്തണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. അതേസമയം മിനിമം ചാർജ്ജ് 10 രൂപയും വിദ്യാർഥികളുടെ നിരക്ക് മൂന്ന് രൂപയുമാകുമെന്നാണ് സൂചന. ബിപിഎൽ കുടുംബങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
മാസം ഒന്നാം തീയതിയുള്ള അടച്ചിടൽ ഒഴിവാക്കുക, രണ്ട് മദ്യശാലകൾ തമ്മിലുള്ള ദൂരപരിധി കുറയ്ക്കുക എന്നിവയെക്കുറിച്ചാരും പുതിയ മദ്യനയത്തിൽ പ്രധാനമായും ചർച്ചയാകുക. ഐടി മേഖലയിൽ പബ് അനുവദിക്കുക, പഴവർഗ്ഗങ്ങളിൽ നിന്നുള്ള വൈൻ ഉത്പാദനം തുടങ്ങിയ മാറ്റങ്ങൾക്കും പുതിയ മദ്യനയത്തിൽ ഊന്നൽ നൽകുന്നുണ്ട്.
ലോകായുക്താ ഓർഡിനനൻസ് പുതുക്കി ഇറക്കുന്നത് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഓർഡിനനൻസിന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് വീണ്ടും കാബിനറ്റ് പരിഗണനയ്‌ക്ക് എത്തുന്നത്.