കടപ്പുറത്ത് നിന്ന് മെഡിക്കൽ കോളേജിലേക്കുള്ള ബസ് സർവീസ് ഒക്ടോബർ 30 മുതൽ
ചാവക്കാട് തീരദേശ നിവാസികള്‍ക്ക് മെഡിക്കല്‍ കോളേജിലെത്താന്‍ ഇനി ബസുകള്‍ മാറിയിറങ്ങേണ്ട ചാവക്കാട് കടപ്പുറം ഭാഗത്തുനിന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഒക്ടോബർ 30ന് ആരംഭിക്കും. ഗുരുവായൂർ നിയോജകമണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു മെഡിക്കൽ കോളേജിലേക്കുള്ള ബസ് സർവീസ്. പുതിയ റൂട്ട് ബസ് ഒക്ടോബർ 30ന് രാവിലെ 7 മണിക്ക് അണ്ടത്തോട് നിന്ന് എൻ കെ അക്ബർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ചാവക്കാട് - ഗുരുവായൂർ എന്നീ പ്രദേശങ്ങളിലൂടെയാണ് സർവീസ് നടത്തുക.
തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ചാവക്കാട് വഴി രണ്ട് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ക്ക് വേണ്ടി എൻ കെ അക്ബർ എംഎൽഎ സെപ്റ്റംബർ 8ന് ഗതാഗത മന്ത്രി ആന്റണി രാജുവിനും, കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോടും സംസാരിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് തീരുമാനമായത്. മുനക്കകടവ്, പൊന്നാനി എന്നിവിടങ്ങളിൽ നിന്നായി രണ്ട് കെഎസ്ആര്‍ടിസി ബസുകളാണ് ചാവക്കാട് വഴി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് അനുവദിക്കാന്‍ തീരുമാനമായത്. ആദ്യപടിയായി മുനക്കകടവ് നിന്നുള്ള സർവീസാണ് ആരംഭിക്കുന്നത്.