ബഹിരാകാശത്ത് ബിസ്നസ് പാർക്ക്, പുതിയ പദ്ധതിയുമായി ആമസോൺ മേധാവി
ബഹിരാകാശത്ത് പുതിയ സ്വപ്നപദ്ധതി പ്രഖ്യാപിച്ച് ശതകോടീശ്വരനും ആമസോൺ മേധാവിയുമായ ജെഫ് ബെസോസ്. ബഹിരാകാശത്തെ വിനോദസഞ്ചാരത്തിനുശേഷം ആമസോൺ മേധാവി കണ്ടുതുടങ്ങിയ പുതിയ സ്വപ്നമാണ് ബഹിരാകാശത്ത് ഒരു ബിസ്നസ് പാർക്ക് സ്ഥാപിക്കുക എന്നത്.
കോടീശ്വരനായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ബഹിരാകാശ യാത്രാ കമ്പനിയായ ബ്ലൂ ഒറിജിനാണ് പദ്ധതി പ്രഖ്യാപിച്ചത്. സിയറ നെവാഡ കോർപ്പറേഷന്റെ വിഭാഗമായ സിയറ സ്‌പേസ് കോർപ്പറേഷനുമായി ചേർന്നാണ് ജെഫ് ബെസോസ് തൻ്റെ 'ഓർബിറ്റൽ റീഫ് ' എന്ന വാണിജ്യ ബഹിരാകാശ നിലയം സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 2025-ഓടെ കോസ്മോസിലെ ബിസ്നസ് പാർക്ക് പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
ബ്ലൂ ഒറിജിൻ പദ്ധതി പ്രകാരം ബഹിരാകാശത്തെ ഈ ഓർബിറ്റൽ റീഫ് പ്രപഞ്ചത്തിൻ്റെ അതിർത്തിയിൽ ഒരു "മിക്സഡ് യൂസ് ബിസ്നസ് പാർക്ക് " ആയി പ്രവർത്തിക്കും. സാമ്പത്തിക പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ബഹിരാകാശത്ത് പുതിയ വിപണികൾ തുറക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളാണ് ബിസ്നസ് പാർക്ക് വാഗ്ദാനം ചെയ്യുന്നത്.