സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലകൾക്ക് 1416 കോടി രൂപയുടെ സഹായ പദ്ധതി.

അടച്ചിടലടക്കമുള്ള നിയന്ത്രണങ്ങൾ മൂലം പ്രതിസന്ധിയിലായ സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിനുമാണ് പദ്ധതി.

തിരുവനന്തപുരം:

കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലകൾക്ക് 1416 കോടി രൂപയുടെ സഹായ പദ്ധതി. ലോക എം എസ് എം ഇ ദിനാചരണത്തോട് അനുബന്ധിച്ച് വ്യവസായ വകുപ്പ് സംഘടിപ്പിച്ച  വെബിനാറിൽ  മന്ത്രി പി രാജീവാണ്  പ്രഖ്യാപനം നടത്തിയത്. ഇളവുകൾക്കും ഉത്തേജക പദ്ധതികൾക്കുമായി 1416 കോടി രൂപയുടെ വായ്പ വിവിധ ധനസ്ഥാപനങ്ങൾ വഴി നൽകും. ബജറ്റ് വിഹിതത്തിൽനിന്ന് 139 കോടി രൂപ പലിശ സബ്‌സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും. ‘വ്യവസായ ഭദ്രത' സ്‌കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി ഡിസംബർ 31 വരെ നീട്ടി. എല്ലാ ചെറുകിട- സൂക്ഷ്മ- ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50 ശതമാനം പലിശ ധനസഹായം നൽകും.  ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. അടച്ചിടലടക്കമുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തരം വ്യവസായ സംരംഭങ്ങൾക്ക് വൻ നഷ്ടമാണുണ്ടായത്‌. സംരംഭങ്ങളെ സഹായിക്കുന്നതിനും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടുവരുന്നതിനുമാണ് പദ്ധതികൾക്ക്‌ രൂപം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. ജൂലൈ ഒന്നു മുതൽ ഡിസംബർ വരെയാണ് പദ്ധതി.

വെബിനാറിൽ വ്യവസായ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ ഖാലിദ്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് സംസ്ഥാന ചെയർമാൻ ശ്രീനാഥ് വിഷ്ണു, ഫിക്കി കേരള കോ- ചെയർമാൻ ദീപക് അശ്വിനി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, വ്യവസായ ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരും സംസാരിച്ചു.

Related Posts