മന്ത്രിസഭാ യോഗം ഇന്ന്; വെള്ളക്കരം ഉൾപ്പെടെ ചർച്ചയാകും
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 23ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. കടമെടുപ്പ് പരിധിയിൽ ഇളവ് നൽകാത്തതുൾപ്പെടെ കേന്ദ്രത്തിനെതിരായ വിമർശനം നയപ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ കേന്ദ്രത്തിനെതിരായ വിമർശനങ്ങൾ ഗവർണർ വായിക്കുമോ എന്നതിൽ വ്യക്തതയില്ല. വെള്ളക്കരം വർദ്ധിപ്പിക്കാൻ എൽ.ഡി.എഫ് അനുമതി നൽകിയതോടെ ഇക്കാര്യവും മന്ത്രിസഭ ചർച്ച ചെയ്തേക്കും. ലിറ്ററിന് ഒരു പൈസ കൂട്ടാനാണ് നീക്കം. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയുന്നതിനുള്ള ബിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. ബിൽ ക്യാബിനറ്റ് ചർച്ചയിൽ വരുമോ എന്നത് വ്യക്തമല്ല.