ഭക്ഷ്യസുരക്ഷ; നിയമം പാലിക്കുന്നതിൽ കേരളം വീഴ്ച വരുത്തിയതായി സി.എ.ജി
തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം പാലിക്കുന്നതിൽ കേരളം വീഴ്ചവരുത്തിയെന്ന കണ്ടെത്തലുമായി സി.എ.ജി. പലയിടത്തും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ ജൂലൈയിൽ പ്രസിദ്ധീകരിച്ച കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്‍റെ അനുവര്‍ത്തന ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ പ്രാധാന്യമർഹിക്കുന്നു. 2016-2021 കാലയളവിലെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്‍റെ പ്രകടനമാണ് പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയത്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കൽ, ലൈസൻസും രജിസ്ട്രേഷനും നൽകൽ, പരിശോധന, സാമ്പിൾ ശേഖരണം, ഭക്ഷ്യ വിശകലനം, നിരീക്ഷണം എന്നിവയിൽ വിവിധ ഘട്ടങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ പൊതുജനങ്ങളിലേക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ വകുപ്പിനു കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ കുറവ് പ്രവർത്തനങ്ങൾ കാര്യക്ഷമമാവുന്നതിനു തടസ്സമാവുന്നു. പരിശോധന നടത്തേണ്ട ഉദ്യോഗസ്ഥർ ലൈസൻസുള്ള ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധനയ്ക്ക് കാലയളവ് നിശ്ചയിക്കാത്തത് വലിയ വീഴ്ചയാണ്. രജിസ്റ്റർ ചെയ്ത കാറ്ററിംഗ് സ്ഥാപനങ്ങൾ വർഷം തോറും പരിശോധിക്കണമെന്ന നിബന്ധനയും വകുപ്പ് പാലിച്ചിട്ടില്ല.