ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം നീക്കം ചെയ്യുന്നത് കുറ്റകരമാക്കി കാലിഫോർണിയ
ലൈംഗിക ബന്ധത്തിനിടയിൽ പങ്കാളിയുടെ സമ്മതം കൂടാതെ ഗർഭനിരോധന ഉറ നീക്കം ചെയ്യുന്നത് കുറ്റകരമാക്കി കാലിഫോർണിയ. ഇതോടെ "സ്റ്റെൽത്തിങ്ങ് " വിരുദ്ധ നിയമം നടപ്പിലാക്കുന്ന ആദ്യ അമേരിക്കൻ സംസ്ഥാനമായി കാലിഫോർണിയ മാറി. ഗവർണർ ഗവിൻ ന്യൂസോം ഇന്നലെയാണ് നിയമത്തിൽ ഒപ്പുവെച്ചത്.
ഒരുമാസംമുമ്പ് എതിർപ്പൊന്നും കൂടാതെ നിയമനിർമാണ സഭയും സെനറ്റും ബില്ല് പാസ്സാക്കിയിരുന്നതായി നിയമസഭാംഗം ക്രിസ്റ്റീന ഗാർഷ്യ പറഞ്ഞു. ഇന്നലെയാണ് ഗവർണർ ഒപ്പുവെച്ചത്. 2017 മുതൽ നടന്നുവരുന്ന നിയമ പോരാട്ടമാണ് വിജയത്തിലെത്തിയത്. കറുത്ത വർഗക്കാരായ സ്ത്രീകൾക്കും സ്വവർഗ പ്രണയികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങളിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട വിഷയമാണ് പങ്കാളിയുടെ സമ്മതമില്ലാതെ രഹസ്യമായി കോണ്ടം നീക്കം ചെയ്യപ്പെടുന്നത്.
ലൈംഗിക പങ്കാളിയുടെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും മാനിക്കാത്ത വിധത്തിലുള്ള ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ വർധിച്ചു വരുന്നതായി യേൽ സർവകലാശാലയിൽ അടുത്തിടെ നടന്ന പഠനം വ്യക്തമാക്കിയിരുന്നു. പങ്കാളി അറിയാതെ കോണ്ടം നീക്കം ചെയ്യുന്നവർക്കെതിരെ ജനറൽ, സ്പെഷ്യൽ, പ്യൂണിറ്റീവ് വിഭാഗങ്ങളിൽ ശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ നിയമം.