സ്തനാർബുദം പുരുഷന്മാരിൽ വരുമോ? വിദഗ്ധർ പറയുന്നത്

ലോകത്ത് ഏറ്റവുമധികം കണ്ടുവരുന്ന കാൻസർ രോഗങ്ങളിൽ ഒന്നാണ് സ്തനാർബുദം. പൊതുവെ സ്ത്രീകളുമായി ബന്ധപ്പെടുത്തി മാത്രമാണ് സ്തനാർബുദം അഥവാ ബ്രസ്റ്റ് കാൻസർ ചർച്ച ചെയ്യപ്പെടാറ്. എന്നാൽ സ്തനാർബുദം സ്ത്രീകളെ മാത്രമാണ് ബാധിക്കുക എന്ന തെറ്റിദ്ധാരണ വേണ്ട. അപൂർവമായി പുരുഷന്മാർക്കും രോഗം വരുന്നുണ്ട്.

ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ കേസുകളിൽ ഒരു ശതമാനത്തിൽ താഴെയാണ് പുരുഷന്മാരിലെ സ്തനാർബുദമെന്നാണ് കണക്കുകൾ പറയുന്നത്. സ്ത്രീകളിലേതു പോലെ നെഞ്ചിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്നതാണ് പുരുഷന്മാരിലെ അർബുദവും. വേദനയില്ലാത്ത മുഴയോ തടിപ്പോ, മുലക്കണ്ണിലെ നിറം മാറ്റമോ, ഉള്ളിലേക്ക് ചുരുങ്ങലോ, മുലക്കണ്ണിൽനിന്ന് സ്രവം പുറത്തുവരുന്നതോ ഒക്കെയാണ് പുരുഷ സ്തനാർബുദത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ.

സ്ത്രീകളെ മാത്രമേ സ്തനാർബുദം ബാധിക്കൂ എന്ന തെറ്റിദ്ധാരണ പൊതുവെയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ പലരും ഇത്തരം ലക്ഷണങ്ങൾ അവഗണിക്കാറുമുണ്ട്. 1:120 ആണ് സ്തനാർബുദത്തിലെ സ്ത്രീ പുരുഷ അനുപാതം. ഗുരുതരാവസ്ഥയിൽ (അഡ്വാൻസ്ഡ് സ്റ്റേജ്) എത്തിയതിനു ശേഷം മാത്രമാണ് പുരുഷന്മാരിൽ രോഗം പൊതുവെ കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ അത് അപകടകരമാകാറുണ്ട്.

പുരുഷ സ്തനാർബുദം പലപ്പോഴും ബിആർസിഎ1, ബിആർസിഎ2, പിടിഇ എൻപി53 എന്നീ ജനിതകമാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വാർധക്യവും പ്രോസ്റ്റേറ്റ് കാൻസറിന് ഹോർമോൺ തെറാപ്പി നൽകുമ്പോഴുണ്ടാകുന്ന ഈസ്ട്രജൻ എക്സ്പോഷറും രോഗത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എക്സ് ക്രോമസോം അധികമായി കണ്ടുവരുന്ന ക്ലൈൻഫെൽറ്റേഴ്സ് സിൻഡ്രോം എന്ന അവസ്ഥയും പുരുഷ സ്തനാർബുദത്തിന് കാരണമാകുന്നുണ്ട്. ഇതുമൂലം സ്ത്രീ ഹോർമോൺ ആയ ഈസ്ട്രജൻ കൂടുതലും പുരുഷ ഹോർമോൺ ആയ ടെസ്റ്റോസ്റ്റിറോൺ കുറവും രൂപപ്പെടും. സ്ത്രീകളിലേതുപോലെ സ്തനകോശങ്ങൾ ധാരാളമായി ഇല്ലാത്തതിനാൽ പൊതുവെ മാമോഗ്രാം സ്ക്രീനിങ്ങ് പുരുഷന്മാർക്ക് നിർദേശിക്കാറില്ല.

Related Posts