അർജന്റീനിയൻ പ്രതീക്ഷകളെ ക്രൊയേഷ്യ പിടിച്ചുകെട്ടുമോ ?

എഴുത്ത് - ഷാഹുൽ ബേപ്പൂർ

ക്രൊയേഷ്യ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരാണ്. അർജന്റീന അതിനു മുൻപ് നടന്ന ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരും. ഖത്തർ ലോകകപ്പ് ഫൈനലിൽ അതിനു മുൻപ് നടന്ന രണ്ടു ലോകകപ്പിലെ റണ്ണേർസുകളിൽ ഒരു ടീം ഉണ്ടാകുമെന്ന് ഉറപ്പ്. അത് ആരാവും എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഒറ്റനോട്ടത്തിൽ സാധ്യത അർജന്റീനക്ക് എന്ന് പറയാം കാരണം അവരുടെ നായകൻ ലയണൽ മെസ്സി തന്നെ, ഈ ലോകകപ്പിൽ ഇതുവരെയുള്ള മൽസരങ്ങളിൽ വ്യക്തിഗത പ്രകടനങ്ങളിൽ മുന്നിൽ നിൽക്കുന്ന കളിക്കാരൻ, നാല് ഗോളുകളും രണ്ടു അസിസ്റ്റുമായി ആറ് ഗോൾ കോണ്ട്രിബൂഷൻ ഉള്ള താരം, അതായത് അർജന്റീന ഈ ലോകകപ്പിൽ മൊത്തം നേടിയ ഒൻപത് ഗോളിൽ ആറിലും കയ്യൊപ്പ് ചാർത്തിയ മെസ്സിയെ പിടിച്ച് കെട്ടാൻ ക്രൊയേഷ്യൻ പ്രതിരോധ നിരക്ക് സാധിച്ചില്ല എങ്കിൽ അവരുടെ സാധ്യത അവിടെ അവസാനിക്കും. പരിക്കിന്റെ പിടിയിൽ ആയിരുന്ന ഏഞ്ചൽ ഡിമരിയയും റോഡ്രിഗോ ഡിപോളും പൂർണ്ണ ഫിറ്റായി കളിക്കളത്തിൽ ഇറങ്ങുന്നു എന്നതും അവർക്ക് പ്ലസ് പോയിന്റാണ്. അവസാന മിനുട്ടിൽ ഹോളണ്ടിനോട് ഗോൾ വഴങ്ങിയെങ്കിലും ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസും പ്രതിരോധ നിരയിലെ നിക്കോളാസ് ഓട്ടമെന്റിയും, ക്രിസ്റ്റൻ റൊമോരോയും, ലിസാൻഡ്രോ മാർട്ടിനെസും മികച്ച ഫോമിൽ ആണ്. എന്നാൽ കഴിഞ്ഞ കളിയിൽ തുടർച്ചയായ രണ്ടാം മഞ്ഞ കാർഡ് വാങ്ങി ഇന്നത്തെ മത്സരത്തിൽ സസ്‌പെൻഷനിൽ ആയ അക്യൂനയുടെ കുറവ് നികത്താൻ ടാഗ്‌ലിഫിയാക്കോക്ക് സാധിക്കുമോ എന്നത് കണ്ടറിയണം. അത് പോലെ അർജന്റീനയുടെ മറ്റൊരു പോരായ്മ ലോതാറോ മാർട്ടിനെസിന്റെ ഫോം ആണ്. ഇതുവരെ ഒരു ഗോൾ നേടാൻ പോലും ലോതാറോക്ക് സാധിച്ചിട്ടില്ല, എന്നാൽ അവസാന മത്സരത്തിലെ നിർണായക പെനാൽറ്റി കിക്ക് ലക്ഷ്യത്തിൽ എത്തിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത ലോതാറോ ഇന്ന് അർജന്റീനക്ക് വേണ്ടി വല ചലിപ്പിച്ചാൽ ക്രൊയേഷ്യയുടെ നില പരുങ്ങലിൽ തന്നെ ആകും. മധ്യനിരയിൽ മാക് അലിസ്റ്ററും, എൻസോ ഫെർണാണ്ടസും കിട്ടിയ അവസരം ഉപയോഗപ്പെടുത്തി രണ്ടു ഗോളുകൾ നേടിയ ജൂലിയൻ അൽവാരെസും മികച്ച ഫോമിൽ ആണെന്നതും അർജന്റീനക്ക് ഗുണം ചെയ്യും.

ക്രൊയേഷ്യ ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ഒരു നിരയെ തോൽപ്പിച്ച് കൊണ്ടാണ് അവർ സെമിഫൈനലിനു വേണ്ടി ഒരുങ്ങിയിറങ്ങിയത് തന്നെ, സൂപ്പർ താരം മോഡ്രിച്ച് മികച്ച ഫോമിൽ ആണെന്നതും ഗോളി അടക്കമുള്ള പ്രതിരോധ നിരയും കളി മെനയുന്ന മിഡ്ഫീൽഡർമാരും മികച്ച ഫോമിൽ ആണെന്നതും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും. എന്നാൽ അവരുടെ പ്രധാനപ്രശ്നം എന്നത് ഗോൾ നേടാൻ സാധിക്കുന്നില്ല എന്നതാണ് കാനഡയോടുള്ള മത്സരത്തിൽ നാലു ഗോൾ നേടിയത് മാറ്റി നിർത്തിയാൽ ബാക്കി വന്ന നാല് മത്സരങ്ങളിൽ അവർ ആകെ നേടിയത് രണ്ടു ഗോളുകൾ ആണ്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ആണവർ ജയിച്ചു കയറിയത്. ബ്രസീലുമായുള്ള മൽസരത്തിൽ കൊണ്ടുവന്ന ഗെയിംപ്ലാൻ തന്നെയാകും അവർ അർജന്റീനക്കെതിരെയും പ്രയോഗിക്കുക. അർജന്റീനൻ ആക്രമണങ്ങളെ പ്രതിരോധിച്ച് ലോങ്ങ് പാസുകളിലൂടെ കൗണ്ടറാക്രമണം നടത്തി തുടർച്ചായി രണ്ടാം തവണയും ഫൈനൽ കളിക്കുക എന്നത് തന്നെയാണ് പെരിസിച്ചും കോവസിച്ചും ഒക്കെ അടങ്ങുന്ന ക്രൊയേഷ്യയുടെ ഗോൾഡൻ ജനറേഷൻ ലക്ഷ്യം വെക്കുന്നത്.

Related Posts