'ഇസ്ലാമോഫോബിയ' തടയാൻ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കനേഡിയൻ സർക്കാർ

ഒട്ടാവ: ഇസ്ലാമോഫോബിയയെ നേരിടാൻ കാനഡ പ്രത്യേക പ്രധിനിധിയെ നിയമിച്ചു. മുസ്ലിം വിഭാഗങ്ങൾക്ക് നേരെയുള്ള വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയൻ സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിയമനം. ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തിന്‍റെ പ്രത്യേക പ്രതിനിധിയായി മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ അമീറ എൽഘവാബിയെയാണ് നിയമിച്ചത്. ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ സർക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുകയും ഉപദേശിക്കുകയും ചെയ്യുക എന്നതാണ് അമീറയുടെ പ്രാഥമിക ഉത്തരവാദിത്തം. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യാഴാഴ്ചയാണ് അമീറ എൽഘവാബിയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. "വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി. എന്നാൽ പല മുസ്ലീങ്ങളും ഇസ്ലാമോഫോബിയ അനുഭവിച്ചിട്ടുണ്ട്. അത് നാം മാറ്റണം. നമ്മുടെ രാജ്യത്ത് ആരും അവരുടെ വിശ്വാസത്തിന്‍റെ പേരിൽ വിദ്വേഷം അനുഭവിക്കരുത്," ട്രൂഡോ പ്രസ്താവനയിൽ പറഞ്ഞു. ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന ചുവടുവയ്പ്പാണ് അമീറ എൽഘവാബിയുടെ നിയമനമെന്നും അദ്ദേഹം പറഞ്ഞു.

Related Posts