ജയിൽ മോചിതരാകുന്നവരിൽ ക്യാൻസർ മരണ സാധ്യത വർദ്ധിക്കുന്നെന്ന് പഠനം
ജയിലിൽ കഴിഞ്ഞ മുതിർന്നവരിൽ, ജയിലിൽ നിന്ന് മോചിതരായി ആദ്യ വർഷത്തിനുള്ളിൽ ക്യാൻസർ മരണ സാധ്യത വർദ്ധിക്കുന്നതായി കണ്ടെത്തൽ. പിഎൽഒഎസ് വൺ ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. "ജയിലിലുള്ള ആളുകൾക്കിടയിൽ മരണത്തിന്‍റെ പ്രധാന കാരണം ക്യാൻസർ ആണ്. ഇത് എല്ലാ മരണങ്ങളുടെയും ഏകദേശം 30% ആണ്. എന്നിരുന്നാലും തടവും ക്യാൻസർ അതിജീവനവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം സമഗ്രമായി വിലയിരുത്തിയിട്ടില്ല," മെഡിസിൻ (ജനറൽ മെഡിസിൻ), പബ്ലിക് ഹെൽത്ത് (സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസ്) പ്രൊഫസറും പഠനത്തിന്‍റെ മുതിർന്ന രചയിതാവുമായ ഡോ. എമിലി വാങ് പറഞ്ഞു. യേലിലെ എസ്ഇഐസിഎച്ച്ഇ സെന്‍റർ ഫോർ ഹെൽത്ത് ആൻഡ് ജസ്റ്റിസിന്‍റെ ഡയറക്ടറാണ് ഡോ.എമിലി. 2005 മുതൽ 2016 വരെ ക്യാൻസർ രോഗനിർണയം നടത്തിയ കണക്റ്റിക്കട്ടിലെ മുതിർന്നവരുടെ ട്യൂമർ രജിസ്ട്രിയും ജയിൽ സിസ്റ്റം ഡാറ്റയും തമ്മിലുള്ള സംസ്ഥാന വ്യാപകമായ ലിങ്ക് ഉപയോഗിച്ചായിരുന്നു പഠനം. ജയിൽ മോചിതരാവുന്ന വ്യക്തികൾക്കായുള്ള പരിവർത്തന കേന്ദ്രങ്ങളുടെ പ്രാധാന്യമാണ് പഠനം എടുത്തുകാണിക്കുന്നത്. ജയിൽ മോചിതരായ വ്യക്തികളുടെ ക്യാൻസർ പരിചരണവുമായി ബന്ധപ്പെട്ട പ്രധാന തടസ്സങ്ങളിൽ സ്ക്രീനിംഗ്, സമയബന്ധിതമായ പ്രാഥമിക പരിചരണം, ഭവന-ഭക്ഷ്യ സുരക്ഷ, തൊഴിൽ, സമൂഹവുമായി വീണ്ടും സംയോജിക്കുന്നതിന് നേരിടുന്ന മറ്റ് ഘടനാപരമായ തടസ്സങ്ങൾ എന്നിവ ഉൾപ്പെടുന്നതായും പഠനം പറയുന്നു.