ആമസോണ്‍ വഴി കഞ്ചാവ് കടത്ത്; 4 പേര്‍ പൊലീസ് പിടിയില്‍

വിശാഖപട്ടണം: ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 48 കിലോ കഞ്ചാവ് രണ്ട് ജൂട്ട് ബാഗുകളിലായാണ് പിടികൂടിയത്. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത് എട്ട് പേരെയാണ്. മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നവംബര്‍ 13നായിരുന്നു 20 കിലോ മരിജുവാനയുമായി രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നവംബര്‍ 20നും രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

മധുര തുളസിയെന്ന വ്യാജനേ ഇവര്‍ ആമസോണ്‍ വെബ്‌സൈറ്റ് ഉപയോഗിച്ച് കഞ്ചാവ് വിതരണം ചെയ്തതായും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതായുമാണ് പൊലീസ് കണ്ടെത്തിയത്. മധ്യപ്രദേശ് പൊലീസ് നല്‍കിയ സൂചനകളുപയോഗിച്ചാണ് ആന്ധ്രാപ്രദേശില്‍ നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് മധ്യപ്രദേശ് പൊലീസ് മേധാവി പറഞ്ഞു. 1,48,000 ഡോളര്‍ വിലമതിക്കുന്ന 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം.

Related Posts