വിരാട് കോലിയുടെ ലംബോര്‍ഗിനി കൊച്ചിയില്‍ വില്‍പ്പനയ്ക്ക്; വില 1.35 കോടി

കൊച്ചി: ഒരു കോടി 35 ലക്ഷം രൂപയുണ്ടെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ വിരാട് കോലിയുടെ ശേഖരത്തിന്റെ ഭാഗമായ ഒരു ലംബോർഗിനി നിങ്ങൾക്ക് സ്വന്തമാക്കാം. പതിനായിരത്തോളം കിലോമീറ്റർ ഓടിച്ച ശേഷം വിരാട് കോലി വിറ്റ ലംബോർഗിനി കാർ കൊച്ചി കുണ്ടന്നൂരിലെ റോയൽ ഡ്രൈവ് ഷോറൂമിൽ വിൽപ്പനയ്ക്ക്. സെലിബ്രിറ്റികൾ കൂടുതലും ഉപയോഗിക്കുന്ന ലംബോർഗിനിയുടെ കൺവേർട്ടബിൾ മോഡൽ ആണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ആറ് മാസം മുൻപ് കൊച്ചിയിൽ എത്തിച്ച കാറിന്റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്.

കോലി വിറ്റ കാർ മറ്റൊരാൾ വാങ്ങുകയും മുംബൈയിൽ അയാളുടെ പക്കൽ നിന്ന് കൊച്ചിയിൽ എത്തിക്കുകയുമായിരുന്നു. കോലി ഉപയോഗിച്ചിരുന്ന കാർ ആയതിനാൽ തന്നെ വാഹനം നേരിൽ കാണാൻ നിരവധി പേരാണ് ഷോറൂമിൽ എത്തുന്നത്.

സെലിബ്രിറ്റികൾ ഉപയോഗിച്ച ശേഷം വിൽപ്പന നടത്തുന്ന കാറുകൾക്ക് കേരളത്തിൽ വലിയ ഡിമാൻഡാണ് ഉള്ളതെന്നും അതുകൊണ്ട് തന്നെ ഈ കാറിന്റെ വില കാരണം വിറ്റ് പോകാത്ത അവസ്ഥയുണ്ടാകുമെന്ന് പറയാൻ കഴിയില്ലെന്നുമാണ് ഷോറൂം അധികൃതർ പറയുന്നത്.

Related Posts