കാരവൻ ടൂറിസം വയനാട് ടൂറിസത്തിന് കരുത്തേകും - മന്ത്രി മുഹമ്മദ് റിയാസ്

വയനാട്: കാരവന്‍ ടൂറിസം ജില്ലയിലെ ടൂറിസം പ്രതീക്ഷകള്‍ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്നും പാര്‍ക്കിംഗ് കേന്ദ്രങ്ങളെ ഭാവിയില്‍ സാംസ്‌ക്കാരിക കേന്ദ്രങ്ങളാക്കി മാറ്റുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കാരവന്‍ പാര്‍ക്ക് സജീവമാകുന്നതോടെ വയനാട് കേരള ടൂറിസത്തിന്റെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു. അമ്പലവയല്‍ പഞ്ചായത്തിലെ ഹില്‍ ഡിസ്ട്രിക്ട് ക്ലബില്‍ തുടക്കം കുറിച്ച കാരവന്‍ ടൂറിസത്തിന്റെ ഭാഗമായുള്ള കാരവന്‍ പാര്‍ക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സമൂഹം കാരവനുകളെ സുരക്ഷിതമായ യാത്രക്കും സുരക്ഷിതമായ താമസത്തിനുമുള്ള ഉപാധിയായിട്ടാണ് കാണുന്നത്. വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെയും കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബിന്റെയും മഡ്ഡി ബുട്സിന്റെയും പങ്കാളിത്തത്തോടെയാണ് ഉത്തരകേരളത്തിലെ തന്നെ ആദ്യ സംരംഭമായ കാരവന്‍ പാര്‍ക്ക് കൊളഗപ്പാറയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 8 ഏക്കറോളം വിസ്തൃതിയില്‍ 6 കാരവനുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. കാരവന്‍ ടൂറിസത്തിന് വേണ്ട വെള്ളം, വൈദ്യുതി മറ്റ് ഭൗതീക സൗകര്യങ്ങള്‍ എല്ലാം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. കേരള ടൂറിസത്തിന്റെ നൂതന സംരംഭമായ കാരവന്‍ ടൂറിസത്തിന്റെ ഭാഗമായുള്ള കാരവന്‍ പാര്‍ക്ക് വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുത്തന്‍ പ്രതീക്ഷയാണ് നല്കുന്നത്.
ചടങ്ങില്‍ അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഹഫ്സത്ത്, സബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡി ടി പി സി സെക്രട്ടറി കെ ജി അജേഷ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് വഞ്ചീശ്വരന്‍, സെക്രട്ടറി സി പി, ശൈലേഷ്, പ്രദീപ് മൂര്‍ത്തി, അംബികാ കുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.