വാര്‍ധക്യത്തില്‍ നബീസുമ്മയ്ക്ക് കെയര്‍ ഹോമിന്റെ കരുതല്‍
തൃശൂർ: 2018ലെ പ്രളയം ദുരിതത്തിലാക്കിയ 78 വയസുള്ള നബീസുമ്മയ്ക്ക് ഇത് സന്തോഷത്തിന്റെ നിമിഷങ്ങള്‍. പഴയന്നൂരിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ഒന്നായ തേജസ്വിനിയിലെ ഏഴാം നമ്പര്‍ വീടിന്റെ താക്കോല്‍ കൈകളിലെത്തിയപ്പോള്‍ ആ ഉമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് പൂവണിഞ്ഞത്. പുതിയ വീട് ആ ഉമ്മയ്ക്ക് ശരിക്കും അത്ഭുതം തന്നെയായിരുന്നു. രണ്ട് മുറികളും അടുക്കളയും ബാത്ത് റൂമും ഹാളും എല്ലാമുള്ള വീട് അവര്‍ മനസ് നിറയെ കണ്ടു. വാര്‍ധക്യത്തിന്റെ ഒറ്റപ്പെടലില്‍ ഇടിഞ്ഞു പൊളിഞ്ഞ കൂരയില്‍ ഒറ്റമുറിക്കുള്ളില്‍ കഴിച്ചുകൂട്ടിയ അവര്‍ക്ക് പുതിയ വീട് ഒരു കൊട്ടാരം തന്നെയായിരുന്നു.
2018ല്‍ അപ്രതീക്ഷിതമായി ഇരച്ചെത്തിയ മലവെള്ളത്തില്‍ പുറമ്പോക്കിലെ ഇവരുടെ ചെറിയ പുരയുടെ ഒരു വശം ഇടിഞ്ഞു വീഴുകയായിരുന്നു. പഴയന്നൂര്‍ എളനാട് പ്ലാത്തൊടി വീട്ടില്‍ നബീസുമ്മയ്ക്ക് സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിയില്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട വിഭാഗത്തിലാണ് ഇപ്പോള്‍ ഫ്‌ളാറ്റ് ലഭിച്ചത്. അടച്ചുറപ്പും സുഖസൗകര്യങ്ങളുമുള്ള വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സര്‍ക്കാരിന് മനസുകൊണ്ട് നന്ദി പറയുകയാണ് നബീസുമ്മ.
സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ മാത്രമാണ് നബീസുമ്മയുടെ ഏക ആശ്രയം. ഏക മകളും നാല് പേരക്കുട്ടികളും വനംവകുപ്പിന്റെ ഭൂമിയിലെ കൊച്ചു കൂരയിലാണ് കഴിയുന്നത്. മകളുടെ ഭര്‍ത്താവ് ഒന്നര മാസം മുന്‍പ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. ഉമ്മയ്ക്ക് സൗകര്യങ്ങളുള്ള ഫ്‌ളാറ്റ് കിട്ടിയ സന്തോഷത്തിലാണ് ഈ കുടുംബം.