ക്രിപ്റ്റോ കറൻസി തെറ്റായ കൈകളിൽ എത്താതിരിക്കാൻ ജാഗ്രത പുലർത്തണം: പ്രധാനമന്ത്രി
ക്രിപ്റ്റോ കറൻസി തെറ്റായ കൈകളിൽ എത്താതിരിക്കാനുള്ള മതിയായ ജാഗ്രത ജനാധിപത്യ രാഷ്ട്രങ്ങളെല്ലാം പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായാണ് ക്രിപ്റ്റോ കറൻസിയെ സംബന്ധിച്ച ഒരു പൊതു പ്രതികരണം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഇത് തെറ്റായ കൈകളിൽ എത്താതിരിക്കാനുള്ള ജാഗ്രത എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളും കൂടി കൈക്കൊള്ളണം. നമ്മുടെ യുവാക്കളുടെ ജീവിതം നശിക്കാതിരിക്കാനുള്ള കരുതൽ നാം കാണിക്കണം. യുഗത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മാറ്റങ്ങൾക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
സാങ്കേതികവിദ്യയും വിവരശേഖരവുമാണ് പുതിയ കാലത്തെ നവീനമായ ആയുധങ്ങൾ. 'ഇന്ത്യൻ സാങ്കേതികവിദ്യ: പരിണാമവും വിപ്ലവവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളെ നിയന്ത്രിക്കാനുള്ള റെഗുലേറ്ററി ഫ്രെയിംവർക്ക് രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിന് ഇടയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.