ആഡംബര കാറുകൾ വഹിച്ച ചരക്ക് കപ്പലിന് തീപിടിച്ചു; ഉപേക്ഷിക്കപ്പെട്ട കപ്പൽ അറ്റ്ലാൻ്റിക് സമുദ്രത്തിൽ

പോർഷെ, വോക്സ് വാഗൻ ഉൾപ്പെടെയുള്ള ആഡംബര കാറുകൾ കൊണ്ടുപോയ ഒരു ചരക്ക് കപ്പലിന് അറ്റ്ലാൻ്റിക് സമുദ്രത്തിൽ വെച്ച് തീപിടിച്ചു. അതിവേഗം പടർന്ന തീപിടുത്തത്തെ തുടർന്ന് ജീവനക്കാരെല്ലാം കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റോൾ-ഓൺ, റോൾ-ഓഫ് കാർ വഹിക്കുന്ന 656 അടി നീളമുള്ള ഫെലിസിറ്റി എയ്‌സ് എന്ന ചരക്ക് കപ്പലാണ് അപകടത്തിൽപ്പെട്ടത്. ജർമനിയിലെ എംഡനിൽ നിന്ന് റോഡ് ഐലൻഡിലെ ഡേവിസ്‌വില്ലിലേക്ക് ആഡംബര കാറുകൾ കൊണ്ടു പോകുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. തീ പടരുമ്പോൾ കപ്പൽ പോർച്ചുഗലിലെ അസോറസിൽ നിന്ന് 90 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി സഞ്ചരിക്കുകയായിരുന്നുവെന്ന് പോർച്ചുഗീസ് നാവികസേന പറഞ്ഞു.

കാർഗോ ഹോൾഡിൽ തീ പടർന്നതിനെത്തുടർന്ന് കപ്പലിൽ ഉണ്ടായിരുന്ന 22 ജീവനക്കാരും കപ്പൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോണ്ട ഡെൽഗഡ മാരിടൈം സെർച്ച് ആൻഡ് റെസ്‌ക്യൂ കോർഡിനേഷൻ സെന്ററാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. ജീവനക്കാരെ സുരക്ഷിതമായി ഒരു പ്രാദേശിക ഹോട്ടലിൽ എത്തിച്ചിട്ടുണ്ട്.

അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഫെലിസിറ്റി എയ്സിന് ആയിരക്കണക്കിന് കാറുകൾ അടങ്ങിയ 17,000 മെട്രിക് ടൺ ചരക്ക് വഹിക്കാൻ കഴിയും. കപ്പലിൽ എത്ര കാറുകളാണ് ഉണ്ടായിരുന്നത് എന്നത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

Related Posts