ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി 8 മരണം; കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ഡാന്‍ജോ ദ്വീപ്: ജപ്പാൻ തീരത്ത് ചരക്ക് കപ്പൽ മുങ്ങി എട്ട് പേർ മരിച്ചു. മരിച്ചവരിൽ ചൈനീസ് പൗരൻമാരും ഉൾപ്പെടുന്നതായി ചൈനീസ് അധികൃതർ അറിയിച്ചു. ചരക്ക് കപ്പലായ ജിന്‍ ടിയാന്‍ ചൊവ്വാഴ്ച വൈകിട്ടാണ് മുങ്ങിയത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ അഞ്ച് പേരെ രക്ഷപ്പെടുത്തി. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. ജാപ്പനീസ്, ദക്ഷിണ കൊറിയൻ നാവികസേനയും സ്വകാര്യ ബോട്ടുകളും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. 22 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. ജനവാസമില്ലാത്ത ഡാന്‍ജോ ദ്വീപുകളിൽ നിന്ന് 110 കിലോമീറ്റർ അകലെ വച്ചാണ് കപ്പൽ അടിയന്തര സന്ദേശം അയച്ചത്. സന്ദേശം അയയ്ക്കുന്ന സമയത്ത് കപ്പൽ ദക്ഷിണ കൊറിയൻ സമുദ്രാതിര്‍ത്തിയിലായിരുന്നു. മരിച്ചവരിൽ ആറുപേർ ചൈനീസ് പൗരൻമാരാണെന്ന് ചൈനീസ് കോണ്‍സുൽ ജനറൽ ലൂ ഗുയീന്‍ജുന്‍ പറഞ്ഞു. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ ജപ്പാൻ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കപ്പൽ മുങ്ങാനുള്ള കാരണം വ്യക്തമല്ല.

Related Posts