വണ്ടിയിൽ കേറാൻ രണ്ടുമിനിറ്റിൽ കൂടുതൽ എടുത്താൽ 'വെയ്റ്റ് ടൈം ഫീസ് '; യൂബറിനെതിരെ കേസ്

റൈഡിങ്ങ് ആപ്പായ യൂബറിനെതിരെ കേസെടുത്ത് അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്മെൻ്റ്. വീൽചെയറിൽ സഞ്ചരിക്കുന്നവരും വോക്കറുകൾ ഉപയോഗിക്കുന്നവരും കണ്ണുകാണാത്തവരും ഉൾപ്പെടെ ഭിന്നശേഷിക്കാർ യൂബറിൽ യാത്ര ചെയ്യുമ്പോൾ വെയ്റ്റ് ടൈം ഫീസ് എന്ന പേരിൽ അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. അംഗപരിമിതരിൽനിന്ന് അധിക തുക ഈടാക്കുന്നത് അന്യായവും അവകാശ ലംഘനവും വിവേചനപരവുമാണെന്ന് ഡിപ്പാർട്മെൻ്റ് ചൂണ്ടിക്കാട്ടി. 2016 മുതലാണ് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ യൂബർ വെയ്റ്റ് ടൈം ഫീസ് ഈടാക്കി തുടങ്ങിയത്. പിന്നീട് രാജ്യം മുഴുവൻ വ്യാപിപ്പിക്കുകയായിരുന്നു.

ഭിന്നശേഷിക്കാരിൽനിന്ന് ഇത്തരത്തിൽ വെയ്റ്റ് ടൈം ഫീസ് ഈടാക്കുന്നത് അമേരിക്കൻസ് വിത്ത് ഡിസെബിലിറ്റീസ് ആക്റ്റിൻ്റെ ലംഘനമാണെന്ന് ജസ്റ്റിസ് വകുപ്പ് പറയുന്നു. വീൽചെയറിൽ സഞ്ചരിക്കുന്നവർക്കും വോക്കറുകൾ ഉപയോഗിക്കുന്നവർക്കും കണ്ണുകാണാത്തവർക്കുമെല്ലാം കാറിൽ കയറാൻ രണ്ടുമിനിറ്റിൽ കൂടുതൽ വേണ്ടിവരും. അത് സ്വാഭാവികമാണ്. സാമൂഹിക ജീവിതത്തിൻ്റെ മുഴുവൻ മേഖലകളിലും വിവേചനമില്ലാതെ പ്രവേശനം നേടാൻ ഭിന്നശേഷിക്കാർക്ക് അർഹതയുണ്ടെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെൻ്റ് സിവിൽ റൈറ്റ്സ് ഡിവിഷൻ അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ക്രിസ്റ്റൻ ക്ലാർക്ക് പറഞ്ഞു. യൂബർ ഉൾപ്പെടെ സ്വകാര്യമേഖലയിലെ റൈഡിങ്ങ് സേവന ദാതാക്കളെല്ലാം നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണ്.

സാൻഫ്രാൻസിസ്കോയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോർട്ടിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. യൂബറിൻ്റെ വെയ്റ്റ് ടൈം പോളിസി ഭിന്നശേഷിക്കാർക്ക് അനുകൂലമായി മാറ്റിയെഴുതണമെന്നും അധിക ചാർജ് ഈടാക്കിയവർക്ക് തുക മടക്കി നൽകണമെന്നുമാണ് ആവശ്യം. വാഹനം പിക് അപ് ലൊക്കേഷനിലെത്തി രണ്ടുമിനിറ്റ് പിന്നിടുന്നതുമുതൽ യാത്ര ആരംഭിക്കുന്നതുവരെയാണ് യൂബർ വെയ്റ്റ് ടൈം ഫീസ് ചുമത്തുന്നത്. അന്ധയായ വനിതയ്ക്ക് 14 തവണ യാത്ര നിഷേധിച്ച സംഭവത്തിൽ അമേരിക്കൻ കോടതി കഴിഞ്ഞ ഏപ്രിലിൽ യൂബറിന് 1.1 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു.

Related Posts