ഹൈക്കോടതിയിൽ ഇന്നുമുതൽ കേസുകൾ നേരിട്ട്‌; ഒരുസമയം 15 പേർ മാത്രം, പ്രവേശനം രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക്

കൊച്ചി: ഹൈക്കോടതിയിൽ ഇന്നുമുതൽ നിയന്ത്രണങ്ങളോടെ നേരിട്ടുള്ള സിറ്റിങ് ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ നിലവിൽ വന്നതോടെയാണ് ഹൈക്കോടതി ഓൺലൈനായി കേസുകൾ പരിഗണിക്കാൻ തുടങ്ങിയത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ കേസ്‌ നടത്തുന്നതിനുള്ള സൗകര്യം തുടരും.

കോടതിമുറിയിൽ ഒരുസമയം 15 പേരിലധികം അനുവദിക്കില്ല. രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ കേരള ഹൈക്കോർട്ട് അഡ്വക്കറ്റ് അസോസിയേഷൻ നൽകിയ സർട്ടിഫിക്കറ്റ് സ്വീകരിക്കും. അഭിഭാഷകരെ കൂടാതെ കക്ഷികൾ, ക്ലർക്കുമാർ എന്നിവരൊഴികെ ആർക്കും കോടതിയുടെ അനുമതിയില്ലാതെ പ്രവേശനമില്ല. ഫയലുകൾ വെയ്ക്കാനും തിരിച്ചെടുക്കാനും കോടതിമുറിയിലെത്താൻ അഭിഭാഷക ക്ലർക്കുമാർക്ക് അനുമതിയുണ്ട്.

അഭിഭാഷകർക്കും കക്ഷികൾക്കും വീഡിയോ കോൺഫറൻസിങ് സൗകര്യം വേണമെങ്കിൽ തുടർന്നും അത് തിരഞ്ഞെടുക്കാം. വീഡിയോ കോൺഫറൻസിങ് ആണ് തിരഞ്ഞെടുത്തതെങ്കിൽ അതു പട്ടികയിൽ (കോസ് ലിസ്റ്റ്) ഉണ്ടാകും. ഒരു കക്ഷി വീഡിയോ കോൺഫറൻസിങ് സൗകര്യം പ്രയോജനപ്പെടുത്തുകയും എതിർകക്ഷി നേരിട്ടു ഹാജരാവുകയും ചെയ്താൽ ഹൈബ്രിഡ് രീതിക്കുള്ള സൗകര്യവുമുണ്ട്. സിറ്റിങ് ആരംഭിക്കുന്ന ഘട്ടത്തിലും വീഡിയോ കോൺഫറൻസിങ് സൗകര്യം ആവശ്യപ്പെടാം.

Related Posts