സഭയിൽ ജാതിയും മതവും പറയരുത്; കർശന നടപടി ഉണ്ടാകുമെന്ന് സ്പീക്കർ
ന്യൂഡൽഹി: ആരുടെയും ജാതിയെയും മതത്തെയും പരാമർശിച്ച് സംസാരിക്കരുതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള. ജാതിയും മതവും പറയുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സ്പീക്കർ മുന്നറിയിപ്പ് നൽകി. ധനമന്ത്രി നിർമ്മല സീതാരാമൻ താൻ താഴ്ന്ന ജാതിയിൽപ്പെട്ടയാൾ ആയതുകൊണ്ട് തന്റെ ഹിന്ദിയെ ഇകഴ്ത്തി സംസാരിച്ചെന്ന് കോൺഗ്രസ് അംഗം എ.ആർ.റെഡ്ഡി പറഞ്ഞപ്പോഴായിരുന്നു സ്പീക്കറുടെ താക്കീത്. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിലല്ല ജനങ്ങൾ പാർലമെന്‍റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതെന്നും സഭയിൽ അങ്ങനെ പറയരുതെന്നും സ്പീക്കർ പറഞ്ഞു. ചോദ്യത്തിന് മറുപടി നൽകവെ ധനമന്ത്രി നടത്തിയ പരാമർശമാണ് റെഡ്ഡിയെ ചൊടിപ്പിച്ചത്. കോൺഗ്രസ് അംഗം മുറി ഹിന്ദിയിൽ ചോദിച്ച ചോദ്യത്തിന് മുറി ഹിന്ദിയിൽ മറുപടി നൽകാം എന്നായിരുന്നു നിർമ്മല സീതാരാമൻ്റെ പരാമർശം.