പൂച്ചയുടെ രാജകീയ ജീവിതം, ഒരു രാത്രി തങ്ങാൻ 27 ലക്ഷം രൂപ വരെ; താരമായി 'ലിലിബെറ്റ്'
ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ കുട്ടികാലത്തെ പേരാണ് ലിലിബെറ്റ്. ഇപ്പോൾ ബക്കിങ്ഹാം കൊട്ടാരത്തേക്കാൾ വലിപ്പമുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കുന്ന ലിലിബെറ്റ് എന്ന പൂച്ചയാണ് വാർത്തകളിൽ നിറയുന്നത്. രാജകീയ സൗകര്യങ്ങളിൽ ജീവിക്കുന്നതിനാൽ തന്നെയാണ് ഈ പേര് പൂച്ചയ്ക്കും കിട്ടിയത്. ലോകത്തിലെ തന്നെ ഏറ്റവും ആഡംബര സൗകര്യത്തിൽ ജീവിക്കുന്ന പൂച്ചയും ലിലിബെറ്റാണ്.
ഇംഗ്ലണ്ടിലെ ലെയിൻസ്ബറോ എന്ന ലക്ഷ്വറി ഹോട്ടലിലാണ് മൂന്ന് വയസുകാരിയായ ലിലിബെറ്റ് പൂച്ച താമസിക്കുന്നത്. ഒരു രാത്രി തങ്ങുന്നതിന് 27 ലക്ഷം രൂപ വരെ മുടക്കേണ്ടി വരുന്ന സ്യൂട്ട് മുറികളുണ്ട് ഹോട്ടലിൽ ഒരു രാജകുമാരിയെപ്പോലെ ലിലിബെറ്റിന്റെ സുഖവാസം.
ഇംഗ്ലണ്ടിലെ ഒരു ബ്രീഡറിൽ നിന്നു കുഞ്ഞായിരുന്നപ്പോഴാണ് ഹോട്ടലുടമകൾ ലിലിബെറ്റിനെ വാങ്ങിയത്. ബക്കിങ്ഹാം കൊട്ടാരത്തിന് അടുത്തായതിനാൽ ഹോട്ടലിലെ ഉദ്യോഗസ്ഥർ എല്ലാം ചേർന്ന് ലിലിബെറ്റ് എന്ന പേര് നൽകാൻ തീരുമാനിക്കുകയായിരുന്നു. ലെയിൻസ്ബറോയിൽ താമസിക്കാനെത്തുന്നവർക്കൊപ്പം വളർത്തു മൃഗങ്ങളെയും കൊണ്ടുവരാൻ അനുവാദമുണ്ട്.
ഇത്തരത്തിൽ കൊണ്ടുവരുന്ന എല്ലാ മൃഗങ്ങളോടും വളരെ അടുപ്പത്തോടെയാണ് ലിലിബെറ്റ് പെരുമാറുന്നതെന്ന് ജോലിക്കാർ പറയുന്നു. എന്നാൽ ഫ്രഞ്ച് ബുൾഡോഗ് ഇനത്തിൽപ്പെട്ട നായകളെ മാത്രം അത്ര ഇഷ്ടമല്ല. അവയെ കണ്ടാൽ അവൾ പെട്ടെന്ന് അക്രമാസക്തയാകാറുണ്ട്.
ഹോട്ടലിലെ തുറസായ സ്ഥലങ്ങളിലെല്ലാം എപ്പോഴും ലിലിബെറ്റിന്റെ സാന്നിധ്യമുണ്ടാവും. പൂച്ചയോട് ഏറെ സ്നേഹത്തോടെയാണ് ഇവിടെയെത്തുന്നവരും പെരുമാറുന്നത്. ഹോട്ടലിന്റെ പേരിനൊപ്പം തന്നെ പൂച്ചയും പ്രശസ്തി നേടിക്കഴിഞ്ഞു. ഇപ്പോൾ ലിലിബെറ്റിനെ കാണാൻ മാത്രമായി ഇവിടേക്ക് ആളുകളെത്തുന്നുണ്ട്.