ഭൂകമ്പ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ ആളെ വിട്ടു പോകാതെ പൂച്ച: ഒടുവിൽ ദത്തെടുത്തു
അങ്കാറ: തുർക്കിയിൽ ഭൂകമ്പത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയെ രക്ഷാപ്രവർത്തകൻ ദത്തെടുത്തു. രക്ഷപ്പെടുത്തിയ വ്യക്തിയെ ഉപേക്ഷിക്കാൻ പൂച്ച വിസമ്മതിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്നാണ് പൂച്ചയെ ദത്തെടുക്കാൻ രക്ഷാപ്രവർത്തകൻ തീരുമാനിച്ചത്. അലി കാക്കസ് എന്നയാളാണ് പൂച്ചയെ ദത്തെടുത്തത്. തുർക്കിഷ് ഭാഷയിൽ 'അവശിഷ്ടം'എന്നർത്ഥമുള്ളള 'എൻകസ്' എന്നാണ് പൂച്ചയ്ക്ക് പേരിട്ടത്. പൂച്ചയുമൊത്തുള്ള അലി കാക്കസിന്‍റെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഫെബ്രുവരി ആറിന് തുർക്കിയുടെ തെക്കുകിഴക്കൻ മേഖലയിലും സിറിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലും ഉണ്ടായ ഭൂചലനത്തിൽ 45,000 ത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി. കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെയും മൃഗങ്ങളെയും രക്ഷപ്പെടുത്തുന്ന വാർത്തകളും ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.