സിബിഐ 5 ദി ബ്രെയ്ൻ; നോൺ വയലന്റ് ഇൻവസ്റ്റിഗേറ്റർ; മമ്മൂട്ടി ചിത്രത്തിന്റെ പേര് പുറത്ത്
മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐക്കായി മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. സിബിഐ 5 ദി ബ്രെയ്ൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിബിഐ സീരീസിന്റെ മാസ്റ്റർപീസ് തീം മ്യൂസിക്കിന്റെ അകമ്പടിയോടെ മോഷൻ പോസ്റ്ററായാണ് ടൈറ്റിൽ പുറത്തുവിട്ടത്.
ലോകത്തിലെ ഏറ്റവും സമാധാന പ്രിയനായ അന്വേഷണ ഉദ്യോഗസ്ഥൻ എന്നും സേതുരാമയ്യർ സിബിഐയെക്കുറിച്ച് പോസ്റ്ററിൽ എഴുതിയിട്ടുണ്ട്.
എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. സേതുരാമയ്യർ സീരീസിലെ മുൻപിറങ്ങിയ നാലു ഭാഗങ്ങളും സൂപ്പർഹിറ്റുകളായിരുന്നു. 1988-ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസിൽ തരംഗമായതോടെ 1989-ൽ ജാഗ്രത എന്ന പേരിൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തി. ഇത് വൻ വിജയമായതോടെയാണ് 2004-ൽ സേതുരാമയ്യർ സിബിഐ, 2005-ൽ നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളും റിലീസ് ചെയ്തത്. 13 വർഷങ്ങൾക്ക് ശേഷമാണ് അഞ്ചാം ഭാഗം എത്തുന്നത്.