ഐ എസ് ആർ ഒ ഗൂഢാലോചനക്കേസിൽ സിബിഐക്ക് തിരിച്ചടി; ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം
കൊച്ചി: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ സി.ബി.ഐക്ക് തിരിച്ചടി. മുൻ ഡി.ജി.പി സിബി മാത്യൂസ് ഉൾപ്പെടെ ആറ് പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗാദത്ത്, പതിനൊന്നാം പ്രതിയും മുൻ ഐ.ബി ഉദ്യോഗസ്ഥനുമായ പി എസ് ജയപ്രകാശ്, മുൻ ഡി.ജി.പി സിബി മാത്യൂസ്, ആർ.ബി ശ്രീകുമാർ, വി.കെ മൈന എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഓരോ പ്രതികളും സമർപ്പിച്ച പ്രത്യേക ജാമ്യാപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രമുഖ ശാസ്ത്രജ്ഞരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തത് നിയമ വിരുദ്ധമാണെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു. കുറ്റാരോപിതർക്ക് നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വീണ്ടും വാദം കേട്ട ശേഷം മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.