പ്രധാനമന്ത്രിക്ക് കത്തയച്ചു; തമിഴ്നാട്ടിൽ ഗവേഷക വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പ്രധാനമന്ത്രിക്ക് കത്തെഴുതിയ ഗവേഷക വിദ്യാർത്ഥിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 24 മണിക്കൂറായി വിക്ടർ ജെയിംസ് രാജ എന്ന യുവാവിനെ ചോദ്യം ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു. എന്നാൽ കത്തിന്‍റെ ഉള്ളടക്കം വ്യക്തമാക്കാനോ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരെ കടത്തിവിടാനോ സി.ബി.ഐ തയ്യാറായിട്ടില്ല. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് ഡൽഹിയിൽ നിന്നുള്ള 11 സി.ബി.ഐ ഉദ്യോഗസ്ഥർ തഞ്ചാവൂർ സ്വദേശി വിക്ടർ ജെയിംസ് രാജയുടെ വീട്ടിലെത്തിയത്. ഉറങ്ങിക്കിടന്ന യുവാവിനെ പ്രധാനമന്ത്രിക്ക് കത്തയച്ച വിഷയത്തിൽ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി കൊണ്ടുപോവുകയായിരുന്നു. പുതുക്കോട്ടയിലെ കേന്ദ്രസർക്കാരിന്റെ ഐ.ഐ.സി.പി.ഡി അവാർഡ് ഹൗസിലാണ് ചോദ്യം ചെയ്യൽ. എന്നാൽ കത്തിന്‍റെ ഉള്ളടക്കം സി.ബി.ഐ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ സംസ്ഥാന പൊലീസ് സംഘത്തെയും തടഞ്ഞു. സി.ബി.ഐ കസ്റ്റഡിയിലുള്ള വിക്ടർ ജെയിംസ് രാജ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയിൽ ജൈവകൃഷിയിൽ ഗവേഷണം നടത്തുകയാണ്. തന്‍റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ രാജ പലപ്പോഴും പ്രമുഖരുമായി സോഷ്യൽ മീഡിയയിലും ഇമെയിലുകളുടെ രൂപത്തിലും പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ച‌തെന്നാണ് മാതാപിതാക്കൾ പറയുന്നത്.


Related Posts