സിബിഎസ്ഇ പരീക്ഷാഫലം ഇനിയും വൈകും; വിദ്യാർത്ഥികൾ ആശങ്കയിൽ
ഡൽഹി : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഇനിയും വൈകാൻ സാധ്യതയെന്ന വിവരം പുറത്ത് വന്നതോടെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. സംസ്ഥാന ബോർഡുകളിലെ ഫലം പ്രസിദ്ധീകരിച്ച് ദിവസങ്ങൾക്ക് ശേഷവും സിബിഎസ്ഇ ഫലം വരാത്തത് ഉന്നത വിദ്യാഭ്യാസ സാധ്യതകളെ ബാധിച്ചേക്കുമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടുന്നത്.
മാറ്റ് സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനം ഇതിനോടകം തുടങ്ങി കഴിഞ്ഞു. പലയിടങ്ങളിലും അപേക്ഷ നൽകാനുള്ള അവസാന തീയ്യതി ഈ ആഴ്ച അവസാനിക്കുകയാണ്. ഫലം പ്രസിദ്ധീകരിക്കാത്തതിനാൽ സിബിഎസി പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിട്ടില്ല. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ സിബിഎസ്ഇ ഇക്കാര്യത്തിൽ യുജിസിക്ക് കത്തയച്ചിട്ടുണ്ട്. സിബിഎസ്ഇ ഫലം വരുന്നത് വരെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി നീട്ടി വെക്കാൻ സർവ്വകലാശാലകൾക്ക് നിർദേശം നൽകണമെന്നാണ് സിബിഎസ്ഇ കത്തിൽ ആവശ്യപ്പെട്ടത്. പ്രവേശന നടപടികളാരംഭിക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കണമെന്നും സിബിഎസ്ഇ ആവശ്യപ്പെടുന്നു.