സിബിഎസ്ഇ പത്താംക്ലാസ് ടേം വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ടേം വണ്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌കോറുകള്‍ സ്‌കൂളുകള്‍ക്കു കൈമാറിയിട്ടുണ്ടെന്നു സിബിഎസ്ഇ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കു സ്‌കൂളുകളില്‍നിന്നു സ്‌കോര്‍ അറിയാനാവും.
തിയറി പരീക്ഷയുടെ സ്‌കോറുകള്‍ മാത്രമാണ് സ്‌കൂളുകള്‍ക്കു കൈമാറിയിട്ടുള്ളത്. ഇന്റേണ്‍ അസസ്‌മെന്റ്, പ്രാക്ടിക്കല്‍ സ്‌കോറുകള്‍ സ്‌കൂളുകളുടെ കൈവശമുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് ടേം ടു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 26 മുതലാണ് പരീക്ഷ. രാവിലെ 10.30ന് പരീക്ഷ ആരംഭിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. കൊവിഡ് മൂലം ഉണ്ടായ പഠന നഷ്ടം ഒഴിവാക്കാന്‍ ടേം വണ്‍, ടേം ടു പരീക്ഷകള്‍ തമ്മില്‍ കൂടുതല്‍ ഇടവേള അനുവദിച്ചിട്ടുണ്ട്. അതിനാല്‍ വിഷയങ്ങള്‍ പഠിക്കുന്നതിന് ആവശ്യമായ സമയം ലഭിക്കും.
ജെഇഇ മെയിന്‍ അടക്കമുള്ള മത്സരാധിഷ്ഠിത പരീക്ഷകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാ തീയതി നിശ്ചയിച്ചതെന്നും സിബിഎസ്ഇ പ്രസ്താവനയില്‍ അറിയിച്ചു. പരീക്ഷ രാവിലെ 10.30നാണ് ആരംഭിക്കുക. 26 രാജ്യങ്ങളില്‍ കൂടി പരീക്ഷ നടക്കുന്നതിനാല്‍ പരീക്ഷാ സമയത്തില്‍ മാറ്റം വരുത്താന്‍ ബുദ്ധിമുട്ടുണ്ട്. ഏപ്രില്‍ അവസാനം ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ നേരത്തെ പരീക്ഷ നടത്തണമെന്ന തരത്തില്‍ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ ഒരേ സമയം പരീക്ഷ നടക്കുന്നതിനാല്‍ സമയത്തില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഇതേ കാരണത്താല്‍ രണ്ടു ഷിഫ്റ്റുകളായി പരീക്ഷ നടത്താനും സാധിക്കില്ലെന്നും സിബിഎസ്ഇ അറിയിച്ചു.