സി ബി എസ് ഇ പത്ത്, പന്ത്രണ്ട് പരീക്ഷ ഓഫ്‌ലൈനായി നടത്തും; ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: സിബിഎസ്ഇ ഉള്‍പ്പെടെ വിവിധ ബോര്‍ഡുകള്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടത്തുന്ന പരീക്ഷ ഓഫ്‌ലൈന്‍ ആയി നടത്തുന്നതിന് എതിരായി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കഴിഞ്ഞ തവണ പ്രത്യേക ആനുകൂല്യം നല്‍കിയത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണെന്നും പരീക്ഷ ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തെറ്റായ സന്ദേശം നല്‍കുന്നതാണ് എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കൊവിഡ് സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ക്ലാസുകള്‍ എടുത്തുതീര്‍ത്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ക്ലാസുകള്‍ എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്താനാവുമെന്ന് കോടതി കഴിഞ്ഞദിവസം വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷവും സുപ്രീം കോടതി ഉത്തരവു പുറപ്പെടുവിച്ചിരുന്നുവെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷവും സമാനമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.
കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം പരീക്ഷാ നടത്തിപ്പിനായി പ്രത്യേക സ്‌കീം ഉണ്ടാക്കിയത്. ഈ വര്‍ഷവും സമാനമായ ഒന്നു വേണ്ടതുണ്ടെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ടേം ടു ബോര്‍ഡ് പരീക്ഷ ഏപ്രില്‍ 26ന് തുടങ്ങാനാണ് സിബിഎസ്ഇ തീരുമാനിച്ചിട്ടുള്ളത്.