സിസിഎല്ലിന് ഫെബ്രുവരി 4 ന് തുടക്കം; ആദ്യ മത്സരം 18 ന്

മുംബൈ: രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎൽ) പുതിയ സീസൺ ഫെബ്രുവരി നാലിന് ആരംഭിക്കും. നാലിന് മുംബൈയിൽ കർട്ടൻ റൈസറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് നടക്കും. താരങ്ങളുടെ മറ്റൊരു ക്ലബ്ബായ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി(സി 3) കൈകോർത്താണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ മത്സരത്തിന് ഇറങ്ങുക. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്‍റെ പേര്. കുഞ്ചാക്കോ ബോബൻ ക്യാപ്റ്റനായി 20 അംഗ ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർത്ഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്‍റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം എന്നിവരാണ് സംഘത്തിലുള്ളത്. ടീം ഉടമകളിൽ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരും. പ്രീ-ടൂർണമെന്‍റ് പരിശീലന ക്യാമ്പ് ഫെബ്രുവരി ആറിന് ആരംഭിക്കുമെന്ന് സി 3 ഔദ്യോഗിക വക്താവ് നിഖിൽ കെ മേനോൻ പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നില്‍ കേരള സ്ട്രൈക്കേഴ്സ് ബോളിവുഡ് താര ക്ലബ്ബായ മുംബൈ ഹീറോസിനെ നേരിടും.

Related Posts