ഹെയർകട്ടിൽ ഗുരുതര പിഴവ്, സെലിബ്രിറ്റി മോഡലിന് 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്ര ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ

സെലിബ്രിറ്റി മോഡലിൻ്റെ ഹെയർകട്ടിൽ ഗുരുതരമായ പിഴവ് സംഭവിച്ചതിൽ 2 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഡൽഹി ആസ്ഥാനമായ ഹോട്ടൽ ശൃംഖലയോട് കേന്ദ്ര ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. ഹോട്ടലിലെ സലൂണിൽ ഹെയർ കട്ട് നടത്തിയ മോഡലിനാണ് ജീവനക്കാരുടെ അശ്രദ്ധമൂലം രോഗവും മാനഹാനിയും തൊഴിൽ നഷ്ടവും ഉൾപ്പെടെ സംഭവിച്ചത്.

മൂന്നു വർഷം മുമ്പു നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഡൽഹി ആസ്ഥാനമായ ഹോട്ടൽ ശൃംഖലയുടെ സലൂണിലാണ് സെലിബ്രിറ്റി മോഡൽ ഹെയർ കട്ടിനെത്തിയത്. ജോലിക്കുള്ള അഭിമുഖത്തിനുളള തയ്യാറെടുപ്പിലായിരുന്നു അവർ. നീണ്ട ചുരുളുകൾ മുഖത്തും പിറകുവശത്തുമായി പാറിപ്പറന്ന് കിടക്കുന്ന വിധത്തിൽ മുടി ഷേപ്പ് ചെയ്യാൻ നിർദേശം നൽകി. നീളം അടിയിൽനിന്ന് നാലിഞ്ച് കുറയ്ക്കണമെന്നും ഹെയർ ഡ്രസ്സറോട് ആവശ്യപ്പെട്ടു. എന്നാൽ നാലിഞ്ച് നീളത്തിൽ മാത്രം മുടി നിർത്തി ബാക്കി മൊത്തം വെട്ടിക്കളയുകയായിരുന്നു എന്നാണ് ആക്ഷേപം. സലൂൺ ഉടമകളോട് പരാതിപ്പെട്ടപ്പോൾ സൗജന്യമായി ഹെയർ ട്രീറ്റ്മെൻ്റ് നടത്തിത്തരാം എന്ന് ഓഫർ ചെയ്തു. അത് ചെയ്തതോടെ തലയോട്ടിയിൽ പൊള്ളലും ചൊറിച്ചിലും അലർജിക് ഇൻഫെക്ഷനും ഉണ്ടായി. തുടർന്ന് ജോലി നഷ്ടമായി. നീണ്ട മുടി ഉണ്ടായിരുന്നതു കൊണ്ട് നിരവധി ഉത്പന്നങ്ങളുടെ പരസ്യത്തിൽ മോഡലായി അവസരം ലഭിച്ചിരുന്നു. മുടിയുടെ കോലം കെട്ടതോടെ അവസരങ്ങൾ നഷ്ടമായി. ജോലിയും വരുമാനവും നഷ്ടപ്പെട്ടതോടെ മാനസികമായ സമ്മർദങ്ങൾക്കും ആശങ്കകൾക്കും അടിമയായി. കണ്ണാടിയിൽ സ്വന്തം മുഖം നോക്കാൻ പോലും ഭയമായി. ആത്മവിശ്വാസം നഷ്ടമായതോടെ ആൾക്കൂട്ടങ്ങൾ ഒഴിവാക്കി ഒറ്റപ്പെട്ട നിലയിലായി. ഒറ്റ ഹെയർ കട്ടോടെ ജീവിതം നഷ്ടപ്പെട്ട അവസ്ഥയിലായെന്ന് മോഡൽ നൽകിയ പരാതിയിൽ പറയുന്നു. 3 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നാഷണൽ കൺസ്യൂമർ ഡിസ്പ്യൂട്ട്സ് റിഡ്രസ്സൽ കമ്മിഷനെ സമീപിച്ചത്.

സ്വന്തം മുടിയുടെ കാര്യത്തിൽ സ്ത്രീകൾ അങ്ങേയറ്റം ശ്രദ്ധാലുക്കളാണെന്ന് അഭിപ്രായപ്പെട്ട കമ്മിഷൻ മുടിയുടെ സംരക്ഷണത്തിനും സൗന്ദര്യ പരിപാലനത്തിനുമായി സ്ത്രീകൾ വളരെയേറെ സമയം ചിലവഴിക്കുന്നതായി നിരീക്ഷിച്ചു. മുടിയോട് വൈകാരികമായി ഏറെ അടുപ്പമുള്ളവരാണ് സ്ത്രീകൾ. വൻകിട ഹെയർ കെയർ ബ്രാൻഡുകളുടെ മോഡലായ സ്ത്രീക്ക് സലൂണുകാരുടെ അശ്രദ്ധയും അനാസ്ഥയും മൂലം വമ്പൻ പ്രോജക്റ്റുകളാണ് നഷ്ടമായത്. സലൂൺ ഓഫർ ചെയ്ത ഹെയർ ട്രീറ്റ്മെൻ്റിൽ ഗുരുതരമായ 'മെഡിക്കൽ നെഗ്ലിജൻസ് ' സംഭവിച്ചതായി കോടതി നിരീക്ഷിച്ചു. അമോണിയയുടെ അമിതമായ ഉപയോഗം മൂലം തലയോട്ടിയിൽ പൊള്ളലുണ്ടായി.

8 ആഴ്ചയ്ക്കുള്ളിൽ മോഡലിന് രണ്ട് കോടി രൂപ നൽകണമെന്നാണ് കമ്മിഷൻ്റെ ഉത്തരവ്.

Related Posts