ജമ്മു കശ്മീരിൽ വാർത്താ മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം
ജമ്മു കശ്മീരിൽ ഒരു വാർത്താ മാധ്യമത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എം പി അബിർ രഞ്ജൻ ബിശ്വാസിന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് താക്കൂർ ഇക്കാര്യം വെളിപ്പെടുത്തിയത്.
അടുത്തിടെ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സമിതി (എഫ്എഫ്‌സി) പുറത്തിറക്കിയ റിപ്പോർട്ടിനെക്കുറിച്ച് സർക്കാരിന് അറിയാമോ എന്നായിരുന്നു ബിശ്വാസിൻ്റെ ചോദ്യം. പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തിയ കർക്കശമായ നിയന്ത്രണങ്ങൾ കാരണം ജമ്മു കശ്മീർ മേഖലയിലെ, പ്രത്യേകിച്ച് താഴ്‌വരയിലെ വാർത്താ മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണെന്നും ശ്വാസം മുട്ടുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജമ്മു കശ്മീരിലെ മാധ്യമങ്ങളെപ്പറ്റി പഠിക്കാൻ 2021 സെപ്റ്റംബറിലാണ് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ഒരു സമിതിക്ക് രൂപം കൊടുത്തത്. മാർച്ച് എട്ടിനാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2017-ന് ശേഷം പീഡനങ്ങൾ അനുഭവിച്ചതായി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരുടെ എണ്ണത്തെ കുറിച്ചുള്ള ചോദ്യത്തിന് 2017-ന് ശേഷം അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു.