ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധ വാക്‌സിന്‍ സ്കൂളുകൾ വഴി നൽകാൻ കേന്ദ്രം
ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസർ തടയാൻ എച്ച്പിവി വാക്‌സിന്‍ സ്കൂളുകൾ വഴി വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എച്ച്പിവി വാക്സിൻ ഏപ്രിലിൽ വിപണിയിലെത്തുന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാറും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇത് വ്യക്തമാക്കിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ടും ബയോടെക്നോളജി വകുപ്പും സംയുക്തമായി വികസിപ്പിച്ചെടുത്ത 'ക്വാഡ്രിവാലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍' (ക്യുഎച്ച്പിവി) 200-400 രൂപയ്ക്ക് വിപണിയിൽ ലഭ്യമാകും. സാർവത്രിക വാക്സിനേഷൻ പ്രോഗ്രാമിൽ ഈ വാക്സിൻ ഉൾപ്പെടുത്താൻ ദേശീയ സാങ്കേതിക ഉപദേശകസമിതി കേന്ദ്രത്തോട് ശുപാർശ ചെയ്തിട്ടുണ്ട്. ഗർഭാശയഗള ക്യാൻസറിനെക്കുറിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.