കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം; രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ചുമതലയേറ്റ ശേഷം ആദ്യമായി രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം പഴയ പാർലമെന്‍റ് മന്ദിരത്തിൽ തന്നെ നടക്കും. മാർച്ചിൽ ആരംഭിക്കുന്ന രണ്ടാം ഘട്ടം പുതിയ പാർലമെന്‍റ് മന്ദിരത്തിലും നടക്കും. അതേസമയം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ശ്രീനഗറിൽ നിന്നുള്ള വിമാനങ്ങൾ വൈകിയതിനാൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് കോൺഗ്രസ് എംപിമാരും ഇന്ന് പാർലമെന്‍റിൽ എത്തില്ല. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ ശ്രീനഗറിൽ എത്തിയതായിരുന്നു ഇവർ. സാമ്പത്തിക സർവേ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ രാവിലെ 11 മണിക്ക് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്ന ആദ്യ സമ്മേളനത്തിൽ നയപ്രഖ്യാപനത്തിൻ്റെ നന്ദിപ്രമേയ ചർച്ചയും ബജറ്റ് ചർച്ചകളുടെ തുടക്കവും ഉൾപ്പെടും. മാർച്ച് 14 ന് ആരംഭിച്ച് ഏപ്രിൽ 6 ന് അവസാനിക്കുന്ന രണ്ടാമത്തെ സെഷനിൽ ഉപധനാഭ്യർഥനകൾ, ബജറ്റ് ചർച്ച, ബജറ്റ് പാസാക്കൽ എന്നിവ ഉൾപ്പെടും.

Related Posts