54 ചൈനീസ് ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ

അമ്പത്തിനാല് ചൈനീസ് ആപ്പുകൾക്ക് കൂടി നിരോധനം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. രാജ്യ സുരക്ഷക്ക് ഭീഷണിയായ ചൈനീസ് ആപ്പുകളാണ് നിരോധിച്ചതെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫൊർമേഷൻ ടെക്നോളജി മന്ത്രാലയം അറിയിച്ചു.

"വിവിധ അനുമതികളുടെ മറവിൽ ഈ ആപ്പുകൾ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതായി കണ്ടെത്തി. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ശത്രു രാജ്യത്തുള്ള സെർവറുകളിലേക്കാണ് വിവരങ്ങൾ കൈമാറുന്നത്," മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

നിരോധിത ആപ്പുകളുടെ പട്ടികയിൽ സ്വീറ്റ് സെൽഫി എച്ച്ഡി, ബ്യൂട്ടി ക്യാമറ-സെൽഫി ക്യാമറ, ഗരേന ഫ്രീ ഫയർ-ഇല്ലുമിനേറ്റ്, വിവ വീഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവൽ സ്പേസ് ലൈറ്റ് തുടങ്ങിയവ ഉൾപ്പെടുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജൂണിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ടിക് ടോക്, വി ചാറ്റ്, ഹലോ ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ അപ്ലിക്കേഷനുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇൻഫൊർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്.

2020 മെയിലെ അതിർത്തി സംഘർഷത്തിന് ശേഷം ഇന്ത്യ ഇതുവരെ 321 ചൈനീസ് ആപ്പുകൾ നിരോധിച്ചിട്ടുണ്ട്.

Related Posts