കോവിഷീൽഡിന്റെ ഇടവേള കുറയ്ക്കുമെന്ന റിപ്പോർട്ട് തള്ളി കേന്ദ്രം
സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പണം നൽകി കോവിഷീൽഡ് വാക്സിൻ എടുക്കുന്നവർക്ക് ഡോസുകൾക്കിടയിലെ ഇടവേള 30 ദിവസമായി കുറയ്ക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ. സർക്കാർ ആശുപത്രികളിൽ നിലവിലുള്ള 12-16 ആഴ്ചത്തെ ഇടവേള തുടരുമെന്നും എന്നാൽ സ്വകാര്യ മേഖലയിൽ അത് 4 ആഴ്ചയായി കുറയ്ക്കുമെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് റിപ്പോർട്ട് ചെയ്തിരുന്നത്.
വാർത്ത തെറ്റാണെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കി. ശാസ്ത്രീയമായ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇടവേള നിശ്ചയിച്ചിരിക്കുന്നത്. അതിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ല. പൊതു-സ്വകാര്യ മേഖലകളിൽ വ്യത്യസ്ത മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ കഴിയില്ലെന്നും വിദഗ്ധ സമിതി അഭിപ്രായപ്പെട്ടു.